ഗുണ്ടാ പിരിവ് നൽകിയില്ല; കൊച്ചിയിൽ പട്ടാപകൽ ആക്രമണം, നടപടിയില്ലെന്ന് ആരോപണം

കൊച്ചി∙ ഗുണ്ടാ പിരിവു നൽകാത്തതിന്റെ പേരിൽ കൊച്ചി നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ ആക്രമണം നടത്തിയ ക്രിമിനലുകളെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നു പരാതി. കലൂർ കടവന്ത്ര റോഡിലെ യൂസ്ഡ് കാർ ഷോറൂമിലുണ്ടായ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും പ്രതികളെ സംരക്ഷിക്കുന്നെന്നാണ് ആക്ഷേപം.

കലൂർ കടവന്ത്ര റോഡിലെ ആനന്ദ് കാർസ് എന്ന യൂസ്ഡ് കാർ ഷോറൂമിലായിരുന്നു യുവാക്കളുടെ അതിക്രമം. ഗുണ്ടകളാണെന്നും 50,000 രൂപ ഗുണ്ടാ പിരിവായി നൽകണമെന്നും ആവശ്യപ്പെട്ടെത്തിയ ചെറുപ്പക്കാരാണു പണം കിട്ടാതെ വന്നതോടെ കടയിലുണ്ടായിരുന്ന കാർ അടിച്ചു തകർക്കുകയും ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്തത്.

സംഭവം നടന്നയുടൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുമായി നോർത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണു പരാതി. അക്രമിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നുമാണു പൊലീസ് ഭാഷ്യം.