പ്യോങ്യാങ്ങിൽനിന്ന് ആറു ലക്ഷത്തോളം പേരെ ഒഴിപ്പിക്കാൻ കിം ജോങ് ഉൻ

സോൾ∙ ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽനിന്നും ആറു ലക്ഷത്തോളം പേരോട് ഒഴിഞ്ഞുപോകാൻ ഏകാധിപതി കിം ജോങ് ഉൻ ഉത്തരവിട്ടതോടെ ലോകരാജ്യങ്ങൾ പരിഭ്രാന്തിയിൽ. ‘വളരെ വലുതും സുപ്രധാനവുമായ’ നടപടിക്കുള്ള നീക്കത്തിലാണ് ഉത്തര കൊറിയയെന്ന് വാർത്ത പ്രചരിച്ചതോടെയാണ് ലോകം ആശങ്കയിലാണ്ടത്. നഗരവാസികളിൽ 25 ശതമാനം പേരോട് നഗരത്തിൽനിന്നും ഒഴിഞ്ഞുപോകാൻ ഉത്തര കൊറിയൻ ഭരണകൂടം ഉത്തരവിട്ടതായി റഷ്യൻ മാധ്യമമായ ‘പ്രവ്ദ’യാണ് റിപ്പോർട്ട് െചയ്തത്. ആളുകളെ ഒഴിപ്പിക്കുന്നത് എന്തിനാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

യുഎസുമായുള്ള സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിൽ കിം ജോങ് ഉൻ സൈനിക നടപടിക്ക് ഒരുങ്ങുന്നതായാണ് ഒരു സൂചന. അതേസമയം, ആറാമത്തെ ആണവ പരീക്ഷണത്തിനുള്ള തയാറെടുപ്പിലാണ് ഉത്തര കൊറിയയെന്നും അതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും മറ്റു ചില റിപ്പോർട്ടുകൾ പറയുന്നു. അടുത്തിടെയായി ഉത്തര കൊറിയ തുടർച്ചയായി ആണവപരീക്ഷണങ്ങൾ നടത്തുന്നത് ആശങ്കയോടെയാണ് ലോകം കാണുന്നത്. അതിനിടെയാണ് ആളുകളെ ഒഴിപ്പിച്ചുള്ള പുതിയ പരീക്ഷണത്തേക്കുറിച്ചുള്ള വാർത്ത പ്രചരിക്കുന്നത്.

ഉത്തരകൊറിയയ്ക്കെതിരെ യുഎസ് നിലപാടു കടുപ്പിച്ചതോടെ കിം ജോങ് ഉൻ യുദ്ധത്തിനു തയാറെടുക്കുന്നതായി നേരത്തെമുതൽ റിപ്പോർട്ടുകളുണ്ട്. ഉത്തര കൊറിയയെ നിലയ്ക്കുനിർത്താൻ ചൈന സഹായിക്കുന്നില്ലെങ്കിൽ അവരെ യുഎസ് നേരിട്ട് കൈകാര്യം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവവികാസമെന്നതും ആശങ്ക വളർത്തുന്നു. ഉത്തര കൊറിയയിലെ സുപ്രധാന ദിനങ്ങളിലൊന്നായ ഡേ ഓഫ് ദ സൺ ആണ് ഈ  ‘സുപ്രധാന നടപടി’ക്കായി കിം ജോങ് ഉൻ തിര‍ഞ്ഞെടുത്തിരിക്കുന്നത്. ഏതാനും വർഷം മുൻപ് ഇതേ ദിവസമാണ് ഉത്തര കൊറിയ ദീർഘദൂര മിസൈൽ പരീക്ഷിച്ച് ലോകത്തെ ഞെട്ടിച്ചത്.

രാവിലെ 6.20ഓടെ തയാറായിരിക്കാൻ താനുൾപ്പെടെയുള്ളവർക്ക് അധികൃതർ നിർദേശം നൽകിയതായി ന്യൂസ്ഏഷ്യയുടെ ബെയ്ജിങ് റിപ്പോർട്ടർ ജെറമി കോ സമൂഹമാധ്യമത്തിൽ കുറിച്ചു. ഇത് എന്തിനാണെന്നു വ്യക്തമല്ലെന്നും മൊബൈൽ ഫോണുകൾ കൈവശമെടുക്കരുതെന്നു നിർദേശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര കൊറിയയുടെ 105–ാം പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് ഇരുനൂറോളം വിദേശ മാധ്യമപ്രവർത്തകർ നിലവിൽ പ്യോങ്യാങ്ങിലുണ്ട്.

കൊറിയൻ പെനിസുലയിൽ ഏതാനും മാസങ്ങളായി സംഘർഷം നിലനിൽക്കുന്നതിനാൽ ഏതുനിമിഷവും ആണവ സംഘർഷം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് ഉത്തര കൊറിയൻ അധികൃതർ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമ പസഫിക് ലക്ഷ്യമാക്കി യുഎസ്, നാവികസേനാ വിഭാഗത്തെ അയച്ചത് സംഘർഷം വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ, യുദ്ധസമാനമായ തയാറെടുപ്പോടെ ഉത്തര കൊറിയൻ അതിർത്തിയിൽ ചൈന ഒന്നര ലക്ഷത്തോളം സൈനികരെയും വിന്യസിച്ചിട്ടുണ്ട്.