Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയയിലെ രാസായുധ പ്രയോഗം 100 ശതമാനം കെട്ടുകഥ: സിറിയൻ പ്രസിഡന്റ്

Syria People

ബെയ്റൂട്ട് ∙ സിറിയയിൽ രാസായുധം ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ കെട്ടുകഥയാണെന്ന് സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ്. ഇത്തരമൊരു ആക്രമണത്തിന് താൻ ഉത്തരവിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയ 2013ൽ രാസായുധം ഉപേക്ഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. രാസായുധം പ്രയോഗിച്ച ചരിത്രം സിറിയയ്ക്കില്ലെന്നും ധാർമ്മികമായി ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭീകരരുടെ കൈകോർത്തുള്ള നീക്കമാണ് യുഎസ് നടത്തുന്നതെന്നും അസദ് ആരോപിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റിനെ പ്രതിരോധിക്കുന്ന നിലപാടുകളാണ് യുഎസിന്റേതെന്നും അസദ് ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുകിഴക്കൻ പ്രവിശ്യയായ ഇദ്‌ലിബിൽ സിറിയൻ സൈന്യം നടത്തിയ രാസായുധാക്രമണത്തിൽ 79 പേർ മരിച്ചതായാണ് കണക്ക്. വിഷവാതകം (സരിൻ) ഉപയോഗിച്ചു നടത്തിയ ആക്രമണത്തെ യുഎൻ ഉൾപ്പെടെ ലോകം മുഴുവൻ അപലപിച്ചിരുന്നു. എന്നാൽ, രാസായുധം പ്രയോഗിച്ചെന്ന ആരോപണം പ്രസിഡന്റ് ബഷാർ അൽ അസദിന്റെ നേതൃത്വത്തിലുള്ള സിറിയൻ ഭരണകൂടം ആദ്യം മുതലേ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ഇദ്‌ലിബിലെ ഖാൻ ഷെയ്ഖൂണിലാണു യുദ്ധവിമാനങ്ങളിൽനിന്നു രാസായുധം പ്രയോഗിച്ചതെന്നായിരുന്നു വിവരം. ഇദ്‌ലിബിൽ രാസായുധമേറ്റെന്നു കരുതുന്ന മനുഷ്യരിൽ കണ്ട ലക്ഷണങ്ങൾ ജൈവ രാസായുധ പ്രയോഗത്തിനു സമാനമാണെന്നു വ്യക്തമാക്കി ലോകാരോഗ്യസംഘടന (ഡബ്ള്യുഎച്ച്ഒ) രംഗത്തെത്തിയിരുന്നു. ഇരകളിൽ ബാഹ്യമായ മുറിവുകളൊന്നും കാണാത്തതും കടുത്ത ശ്വാസതടസ്സം ഏറെപ്പേരുടെയും മരണത്തിനു കാരണമായതും ജൈവ രാസായുധത്തിന്റെ സാധ്യത വർധിപ്പിക്കുന്നുവെന്നായിരുന്നു ഡബ്ള്യുഎച്ച്ഒയുടെ പ്രസ്താവന.

സിറിയയിലെ രാസായുധാക്രമണത്തിനു തിരിച്ചടിയായി യുഎസ് നടത്തിയ മിസൈൽ ആക്രമണം യുഎസ്–റഷ്യ ബന്ധത്തെ ബാധിച്ചത് ആശങ്കകൾക്കിടയാക്കിയിരുന്നു. ആക്രമണം ‘നിയമവിരുദ്ധം’ എന്നു വിശേഷിപ്പിച്ച റഷ്യ, യുഎസ് ബന്ധത്തിൽ മാറ്റമുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി.

Your Rating: