സർഫിങ്ങിനിടെ കാണാതായ യുവാവ് 32 മണിക്കൂറിനുശേഷം മറ്റൊരു രാജ്യത്ത്!

Representational image

ബെൽഫാസ്റ്റ്∙ സ്കോട്‌ലൻഡ് തീരത്തു സർഫ് (ഒരു ബോർഡിൽ നിന്നോ കിടന്നോ തിരമാലകൾക്കു മുകളിലൂടെ യാത്ര ചെയ്യുക) ചെയ്യവെ കാണാതായ യുവാവിനെ 32 മണിക്കൂറുകൾക്കുശേഷം നോർത്തേൺ അയർലൻഡ് തീരത്തുനിന്നു കണ്ടെത്തി. സ്കോട്‌ലൻഡിലെ ഗ്ലാസ്കോയിൽനിന്നുള്ള മാത്യു ബ്രൈസിനെയാണ് (22) അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്. നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച ബ്രൈസ് സുഖം പ്രാപിച്ചുവരികയാണ്.

ഞായറാഴ്ച പകൽ പതിനൊന്നരയോടെയാണു ബ്രൈസിനെ കാണാതായത്. ഉടൻതന്നെ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ഇയാളെ കണ്ടെത്തിയത്. സ്കോട്‌ലൻഡിലെ ക്യാംപ്ബെൽടൗണിനു സമീപം മക്രിഹനിഷ് ബീച്ചിലെ അർഗൈൽ തീരത്തുനിന്നു കാണാതായ ബ്രൈസിനെ 21 കിലോമീറ്റർ അകലെ ഐറിഷ് കടലിൽനിന്നാണു കണ്ടെത്തിയത്. ദിശയറിയാതെപോയെങ്കിലും സർഫ്ബോർഡിൽത്തന്നെ തുടർന്നതാണ് ബ്രൈസ് രക്ഷപ്പെടാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. ഇതോടൊപ്പം സർഫിങ് സ്യൂട്ടും ശരീരത്തിലെ താപനില മോശമാകാതിരിക്കാൻ സഹായിച്ചു.