ചാംപ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ഹാട്രിക്കുമായി റൊണാൾഡോ; അനായാസം റയൽ

ഹാട്രിക്ക് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അഭിനന്ദിക്കുന്ന കാസെമിറോ.

മഡ്രിഡ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിൽ യുവേഫ ചാംപ്യൻസ് ലീഗിൽ റയൽ മഡ്രിഡിനു തകർപ്പൻ ജയം. സെമിഫൈനൽ ആദ്യപാദത്തിൽ അയൽക്കാരായ അത്‌ലറ്റിക്കോ മഡ്രിഡിനെ 3–0നാണ് റയൽ വീഴ്ത്തിയത്. 10, 73, 86 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. ക്വാർട്ടർ ഫൈനലിൽ ബയൺ മ്യൂണിക്കിനെതിരെയും റൊണാൾഡോ ഹാട്രിക് നേടിയിരുന്നു. റയൽ മഡ്രിഡിനു വേണ്ടി റൊണാൾഡോയുടെ 42–ാം ഹാട്രിക്കാണിത്. ചാംപ്യൻസ് ലീഗിൽ റൊണാൾഡോയുടെ ഏഴാം ഹാട്രിക്കും. ഇക്കാര്യത്തിൽ തന്റെ ബദ്ധവൈരിയായ ബാർസിലോന താരം ലയണൽ മെസ്സിയുടെ റെക്കോർഡിനൊപ്പമെത്താനും റൊണാൾഡോയ്ക്കായി.

റയലിന്റെ തട്ടകമായ സാന്തിയാഗോ ബർണബ്യൂവിൽ നടന്ന പോരാട്ടത്തിന്റെ ഹൈലൈറ്റ് തുടർച്ചയായ രണ്ടാം ഹാട്രിക്കുമായി കളം നിറഞ്ഞ റൊണാൾഡോയായിരുന്നു. ഇടക്കാലത്ത് ഫോം കണ്ടെത്താനാകാതെ ഉഴറിയ റൊണാൾഡോയുടെ പേരിൽ ടീമിൽ ആഭ്യന്തര കലഹം ഉടലെടുത്തുവെന്നുപോലും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് രണ്ടാം ഹാട്രിക്കുമായി വിമർശകരുടെ വായടപ്പിക്കുന്ന ‘റോണോ പ്രകടനം’. ചാംപ്യൻസ് ലീഗിന്റെ നോക്കൗട്ട് ഘട്ടത്തിൽ മൂന്നു ഹാട്രിക്ക് നേടുന്ന ആദ്യ താരം, നോക്കൗട്ട് ഘട്ടത്തിൽ തുടർച്ചയായി രണ്ടു ഹാട്രിക്ക് നേടുന്ന ആദ്യ താരം, ചാംപ്യൻസ് ലീഗ് സെമിയിൽ ഹാട്രിക്ക് നേടുന്ന നാലാമത്തെ മാത്രം താരം തുടങ്ങിയ റെക്കോർഡുകളും റൊണാൾഡോ സ്വന്തം പേരിലെഴുതി.

ചാംപ്യൻസ് ലീഗിൽ റയലിന്റെ വഴിമുടക്കികളായ അത്‌ലറ്റിക്കോയ്ക്കെതിരെ 10–ാം മിനിറ്റിൽത്തന്നെ റയൽ ലീഡ് നേടി. ഏഴാം മിനിറ്റിൽ മികച്ചൊരു അവസരം നിർഭാഗ്യം കൊണ്ട് മാത്രം റയലിന് നഷ്ടമായിരുന്നു. ഇതിനു പിന്നാലെ തകർപ്പനൊരു ഹെഡ്ഡറിലൂടെയായിരുന്നു റൊണാൾഡോയുടെ ആദ്യഗോൾ. അത്‍ലറ്റിക്കോ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ കാസെമിറോയുടെ ക്രോസ് റൊണാള്‍ഡോയുടെ തലപ്പാകത്തിന്. കിടിലൻ ഹെഡറിലൂടെ റൊണാൾഡോ വലകുലുക്കി. സ്കോർ 1–0.

തുടർന്നും റയൽ തന്നെ മേധാവിത്തം പുലർത്തിയെങ്കിലും രണ്ടാം ഗോളെത്തിയത് 73–ാം മിനിറ്റിൽ. വഴികാട്ടികളായത് മാർസലോയും കരിം ബെൻസേമയും. അത്‍ലറ്റിക്കോ ബോക്സിനു വെളിയിൽ ലഭിച്ച പന്തിനെ ബുള്ളറ്റ് ഷോട്ടിലൂടെ റൊണാൾഡോ വലയിലേക്കു നയിക്കുമ്പോൾ അത്‍ലറ്റിക്കോ പ്രതിരോധവും ഗോളിയും കാഴ്ചക്കാരായി. സ്കോർ 2–0.

മൽസരം തീരാൻ നാലു മിനിറ്റ് ശേഷിക്കെ റൊണാൾഡോയുടെ മൂന്നാം ഗോളെത്തി. അത്‍ലറ്റിക്കോ ബോക്സ് ലക്ഷ്യമാക്കിയുള്ള മുന്നേറ്റത്തിനൊടുവിൽ റൊണാൾഡോയിൽ നിന്നും പന്ത് ലൂക്കാസ് വാസ്ക്വസിലേക്ക്. ബോക്സിനുള്ളിലേക്കു കുതിച്ചുകയറിയ വാസ്ക്വസ്, ഞൊടിയിടയില് പന്ത് റൊണാള്‍ഡോയ്ക്കു മറിച്ചു. അത്‍ലറ്റിക്കോ താരങ്ങളുടെ പ്രതിരോധ ശ്രമങ്ങൾ നിഷ്പ്രഭമാക്കി റൊണാൾഡോ പന്ത് വലയിലേക്കു തിരിച്ചുവിട്ടു. സ്കോർ 3–0.