Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീറ്റ് പരീക്ഷ എഴുതാൻ എത്തിയവർക്കു വിനയായി സിബിഎസ്ഇയുടെ ‘ഡ്രസ് കോഡ്’

Exam Representational Image

കണ്ണൂർ ∙ സിബിഎസ്ഇ നടത്തുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികൾ പലരും പരീക്ഷാഹാളിനകത്തു കയറിയത് വസ്ത്രത്തിന്റെ കൈമുറിച്ച്. പരീക്ഷാഹാളിൽ പ്രവേശിക്കുമ്പോൾ ഹാഫ് സ്ലീവ് വരെയുള്ള വസ്ത്രങ്ങളേ ധരിക്കാൻ പാടുള്ളുവെന്നു സിബിഎസ്ഇയുടെ നിർദേശമുണ്ടായിരുന്നു. ഇതറിയാതെ ഫുൾ സ്ലീവ് വസ്ത്രം ധരിച്ചു പരീക്ഷയ്ക്ക് എത്തിയവരാണു കുടുങ്ങിയത്.

ഇവരുടെ വസ്ത്രത്തിന്റെ കൈ കത്രിക ഉപയോഗിച്ചു മുറിച്ചാണ് അകത്തു കയറ്റിയത്. ഇതിനെതിരെ ചിലയിടത്തു പ്രതിഷേധമുണ്ടായി. വിദ്യാർഥിനികളിൽ ചിലർ കരച്ചിലിന്റെ വക്കോളമെത്തി. നേരത്തേയെത്തിയ ചില വിദ്യാർഥികൾ പകരം ടീഷർട്ട് സംഘടിപ്പിച്ചാണു പരീക്ഷാഹാളിലെത്തിയത്. ഇതിനു പുറമെ ശിരോവസ്ത്രം, ആഭരണങ്ങൾ, ഷൂസ് എന്നിവ ധരിക്കുന്നതിനും പരീക്ഷാഹാളിൽ വിലക്കുണ്ടായിരുന്നു. ഇവ ഊരി രക്ഷിതാക്കളെ ഏൽപിച്ചാണു വിദ്യാർഥികൾ പരീക്ഷയ്ക്കു കയറിയത്.

അതേസമയം, പരീക്ഷ എഴുതാനെത്തിയ ഒരു വിദ്യാർഥിനിക്കു മാത്രം പ്രത്യേക പരിഗണന നൽകിയെന്ന് ആരോപിച്ചു പരീക്ഷാഹാളിനു മുന്നിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു. കണ്ണൂർ ബർണശ്ശേരിയിലെ ആർമി പബ്ലിക് സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിനു മുന്നിലാണു സംഭവം. ഒരു വിദ്യാർഥിനിയെ മാത്രം പരീക്ഷാ നടത്തിപ്പുകാരുടെ ഇടപെടലിനെത്തുടർന്നു ശിരോവസ്ത്രവും മുഴുക്കൈയുള്ള വസ്ത്രവും ധരിച്ചു പരീക്ഷാ ഹാളിലേക്കു പ്രവേശിപ്പിച്ചു എന്നാണു പരാതി. രാവിലെ 9.30 വരെ മാത്രമേ വിദ്യാർഥികളെ പ്രവേശിപ്പിക്കൂ എന്നു പറഞ്ഞ അധികൃതർ 10.21ന് ആണ് ഈ വിദ്യാർഥിനിയെ അകത്തേക്കു കയറ്റിവിട്ടതെന്നും പരാതിയുണ്ട്.

ഒരാൾക്കു മാത്രം പ്രത്യേക പരിഗണന നൽകിയത് എങ്ങനെയാണെന്നായിരുന്നു രക്ഷിതാക്കളുടെ ചോദ്യം. രക്ഷിതാക്കളുടെ പ്രതിഷേധത്തെത്തുടർന്നു പൊലീസ് സ്ഥലത്തെത്തി. എന്നാൽ സിബിഎസ്ഇയുടെ നിർദേശങ്ങൾക്ക് അനുസരിച്ചു മാത്രമേ തങ്ങൾ പ്രവർത്തിച്ചിട്ടുള്ളൂ എന്നാണ് പരീക്ഷാ നടത്തിപ്പുകാരുടെ വാദം. അനുവദിച്ച സമയം കഴിഞ്ഞു വിദ്യാർഥിനിയെ മാനദണ്ഡങ്ങൾ ലംഘിച്ചു പരീക്ഷാഹാളിൽ പ്രവേശിപ്പിച്ചതിനെതിരെ ചിത്രങ്ങൾ സഹിതം സിബിഎസ്ഇ അധികൃതർക്കു പരാതി നൽകുമെന്നു രക്ഷിതാക്കൾ അറിയിച്ചു.