'കുറ്റസമ്മത' വിഡിയോ തിരിച്ചടിച്ചു: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മേൽക്കൈ

ഹേഗ്∙ രാജ്യാന്തര കോടതിയിൽ ഇന്ത്യയെ കുടുക്കാൻ കരുതിവച്ച ആയുധം പാക്കിസ്ഥാനു സെൽഫ്ഗോളായി. കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന ഇന്ത്യയുടെ ശക്തമായ വാദങ്ങളെ പിന്തുണക്കുന്ന നടപടിയിലേക്കു യുഎൻ കോടതിയെ ചിന്തിപ്പിക്കാൻ പാക്കിസ്ഥാൻ കാത്തുവച്ച 'കുറ്റസമ്മത' ‍വിഡിയോ സഹായിച്ചു. ജാദവിന്റെ കുറ്റസമ്മത വിഡിയോ പ്രദർശിപ്പിക്കാനുള്ള ശ്രമം കോടതി അനുവദിക്കാതിരുന്നതു പാക്കിസ്ഥാന് അപ്രതീക്ഷിത അടിയായി.

ജാദവിന്റെ കുറ്റസമ്മത വിഡിയോ ഉണ്ടെന്നു വാദിച്ചതാണ് ഇസ്ലാമാബാദിനു വലിയ തിരിച്ചടിയായതെന്നു ഇന്ത്യയുടെ അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു. വിഡിയോ പ്രദർശിപ്പിക്കാൻ രാജ്യാന്തര കോടതിയോടു പാക്ക് അഭിഭാഷകൻ അനുവാദം ചോദിച്ചു. ചാരപ്രവർത്തനം നടത്തിയെന്നു ജാദവ് സമ്മതിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു മേൽക്കൈ നേടാമെന്നാണ് പാക്കിസ്ഥാൻ കരുതിയത്. എന്നാൽ, ജ‍ഡ്ജി പ്രദർശനത്തിനു സമ്മതം നൽകിയില്ല. പാക്ക് വാദങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതിയുടെ ഈ നടപടിയെന്നു ഹരീഷ് സാൽവെ ദേശീയ മാധ്യമത്തോടു പറഞ്ഞു. കോടതിക്കു മുന്നിൽ വൈരുധ്യം നിറഞ്ഞ പലവാദങ്ങളും പാക്കിസ്ഥാൻ ഉന്നയിച്ചതായി സാൽവെ ചൂണ്ടിക്കാട്ടി. ഇടയ്ക്ക് ജാദവ് ഇന്ത്യക്കാരനല്ലെന്നു പറഞ്ഞു. പിന്നീട് സ്വന്തം പൗരനാണെന്നു തെളിയിക്കാൻ ഇന്ത്യയ്ക്കു സാധിച്ചിട്ടില്ലെന്നും വാദിച്ചു.

കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന ഇന്ത്യയുടെ അപേക്ഷ തള്ളണമെന്നാണ് പാക്കിസ്ഥാൻ മുഖ്യമായും വാദിച്ചത്. രാജ്യാന്തര കോടതിയെ ഇന്ത്യ രാഷ്ട്രീയം കളിക്കാനുള്ള വേദിയാക്കുകയാണ്. ഇന്ത്യയുടെ അപേക്ഷ അനാവശ്യമാണ്. എല്ലാ പ്രശ്നങ്ങളും സമാധാനത്തിലൂടെ പരിഹരിക്കാനാണ് ശ്രമം. പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ ഇരയാണ്. ജാദവിന്റെ പാസ്പോർട്ടിനെ പറ്റി ഇന്ത്യ വ്യക്തമായ മറുപടി നൽകിയില്ലെന്നും പാക്കിസ്ഥാനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ഖവാർ ഖുറേഷി പറഞ്ഞു. ഇന്ത്യ അതിവൈകാരികമായാണ് ഇടപെടുന്നത്. ജാദവ് പ്രശ്നമുയർത്തി മാധ്യമങ്ങളുടെ പിന്തുണ നേടിയെടുക്കാനാണ് ശ്രമമെന്നും പാക്കിസ്ഥാൻ വാദിച്ചു.

ഹേഗിലെ കോടതിയിൽ പതിനൊന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇരു രാജ്യങ്ങൾക്കും 90 മിനിറ്റു വീതം നൽകി. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ വാദം തുടങ്ങിയ പാക്കിസ്ഥാൻ പക്ഷെ, ഒരു മണിക്കൂറിനുള്ളിൽ അവസാനിപ്പിച്ചു. ഇന്ത്യയുടെ വാദമായിരുന്നു ആദ്യത്തേത്. കുൽഭൂഷണെക്കുറിച്ചുള്ള വിവരങ്ങളറിയാൻ ഇന്ത്യ നിരന്തരം ബന്ധപ്പെട്ടിരുന്നെങ്കിലും പാക്കിസ്ഥാൻ ഒരിക്കലും പ്രതികരിച്ചില്ലെന്ന് ഇന്ത്യൻ പ്രതിനിധി ഡോ. ദീപക് മിത്തൽ കോടതിയിൽ പറഞ്ഞു. പാക്കിസ്ഥാന്റേത് അപഹാസ്യമായ നടപടിയായിരുന്നെന്നാണ് വെളിവാകുന്നത്. കുൽഭൂഷണെതിരായ തെളിവുകളോ ചാർജ് ഷീറ്റോ ആവശ്യപ്പെട്ടിട്ടും ലഭ്യമാക്കിയില്ല. ജാദവിന്റെ കുടുംബത്തിനുള്ള വീസയെക്കുറിച്ചും വിവരം നൽകിയിട്ടില്ല. ഗുരുതരമായ നിയമ ലംഘനമാണിത്. പാക്കിസ്ഥാൻ സൈനികർ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പറയിപ്പിച്ച മൊഴിയാണ് ജാദവിന്റെ കുറ്റസമ്മത വിഡിയോയിലുള്ളത്. പാക്കിസ്ഥാൻ സൈനിക കോടതിയുടെ നിയന്ത്രണത്തിൽ നിരവധി വധശിക്ഷ നടപ്പായിട്ടുണ്ട്. ജാദവിന്റെ വധശിക്ഷ ഉടൻ തന്നെ ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും ദീപക് മിത്തൽ പറഞ്ഞു.

ജാദവുമായി ബന്ധപ്പെടാൻ ഇന്ത്യൻ ഒട്ടേറെത്തവണ ശ്രമിച്ചിട്ടും പാക്കിസ്ഥാൻ തയാറായില്ലെന്നു ഹരീഷ് സാൽവെയും വാദിച്ചു. വിയന്ന കരാറിലെ ആർട്ടിക്കിൾ 36ന്റെ ലംഘനമാണിത്. ജാദവിന്റെ അറസ്റ്റിനെക്കുറിച്ച് പാക്കിസ്ഥാൻ ഇന്ത്യയെ അറിയിച്ചിരുന്നില്ല. കുൽഭൂഷണിന്റെ കുടുംബം നൽകിയ വീസ അപേക്ഷയിൽ ഇതുവരെ നടപടിയെടുത്തിട്ടില്ല. പാക്കിസ്ഥാന്റെ പക്കലുള്ള തെളിവുകൾക്ക് വിശ്വാസ്യതയില്ല. രാജ്യാന്തര കോടതി കേസ് പരിഗണിക്കുന്നതിനു മുമ്പുതന്നെ ഒരുപക്ഷേ ജാദവിന്റെ വധശിക്ഷ പാക്കിസ്ഥാൻ നടപ്പാക്കിയേക്കാം. അതിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും സാൽവെ ചൂണ്ടിക്കാട്ടി.

2016 മാർച്ചിൽ ജാദവ് പിടിയിലായതിനു പിന്നാലെ ഒട്ടേറെത്തവണ വിവരശേഖരണത്തിനു ഇന്ത്യ ശ്രമിച്ചിരുന്നെന്ന് ഇന്ത്യൻ ഉപപ്രതിനിധി വി.ഡി.ശർമയും കോടതിയിൽ പറഞ്ഞു. മഹാരാഷ്ട്ര സ്വദേശിയായ ജാദവ് ഇന്ത്യൻ നാവികസേനയിൽനിന്നു കമാൻഡറായി വിരമിച്ചയാളാണ്. തുടർന്ന് ഇറാനിൽ വ്യാപാരം നടത്തിവന്ന അദ്ദേഹത്തെ 2016 മാർച്ച് മൂന്നിനു പാക്കിസ്ഥാൻ അവിടെനിന്നു പിടികൂടിയെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ ജാദവിനെ കഴിഞ്ഞവർഷം മാർച്ചിൽ ബലൂചിസ്ഥാനിൽനിന്നു പിടികൂടിയെന്നാണ് പാക്കിസ്ഥാന്റെ വാദം.