മൂന്നാറിൽ വീണ്ടും കയ്യേറ്റമൊഴിപ്പിക്കൽ; 28.5 ഏക്കർ സർക്കാർ ഭൂമി ഒഴിപ്പിച്ചു

മൂന്നാർ ∙ മൂന്നാറില്‍ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍. ലക്ഷ്മി എസ്റ്റേറ്റിനു സമീപം കയ്യേറിയ 28.5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി റവന്യു സംഘം ഒഴിപ്പിച്ചു. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുളള കല്ലറയ്ക്കല്‍ കോഫി എസ്റ്റേറ്റിന്റെ മറവിലാണ് കയ്യേറ്റം നടന്നത്. ഒരേക്കര്‍ സ്ഥലത്തിന്റെ പട്ടയം ഉപയോഗിച്ച് വന സ്വഭാവമുള്ള ഭൂമി വളച്ചുകെട്ടി കൈവശം വയ്ക്കുകയായിരുന്നു.

വേലികള്‍‌ പൊളിച്ച റവന്യു സംഘം സര്‍വേ നടപടികള്‍ക്കു ശേഷം സര്‍ക്കാര്‍ വക ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു. തോട്ടത്തിലെ തൊഴിലാളികള്‍ക്ക് ശമ്പളക്കുടിശ്ശികയ്ക്കു പകരം വ്യാജരേഖകള്‍ ചമച്ചു ഭൂമി നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ റവന്യു വകുപ്പ് അന്വേഷണം തുടങ്ങി.