കുൽഭൂഷൺ ജാദവിനെ പിടികൂടിയത് ഇറാനിൽനിന്ന്: ഐഎസ്ഐ മുൻ ഉദ്യോഗസ്ഥൻ

ലഹോർ∙ ഇന്ത്യൻ പൗരൻ, പാക്കിസ്ഥാനിൽ തടവിൽ കഴിയുന്ന കുൽഭുഷൺ ജാദവിന്റെ കേസിൽ പാക്കിസ്ഥാനിൽനിന്നുതന്നെ ഇന്ത്യയ്ക്ക് അനുകൂല വെളിപ്പെടുത്തൽ. ജാദവിനെ പാക്കിസ്ഥാനിൽനിന്നല്ല, ഇറാനിൽനിന്നാണു പിടികൂടിയതെന്നു പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ മുൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പാക്ക് സൈന്യത്തിലെ ലഫ്. ജനറലുമായിരുന്ന അജ്മദ് ഷൊഐബ് ആണ് കുൽഭുഷണെ പിടികൂടിയത് ഇറാനിൽനിന്നാണെന്ന വസ്തുത വെളിപ്പെടുത്തിയത്. പാക്കിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കവെയാണു ജാദവിനെ പിടികൂടിയതെന്ന പാക്ക് വാദത്തിനു കടകവിരുദ്ധമാണ് ഷൊഐബിന്റെ വെളിപ്പെടുത്തൽ. ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മുൻ നാവികസേന ഉദ്യോഗസ്ഥനായ ജാദവ് കച്ചവട ആവശ്യത്തിനായാണ് ഇറാനിലെത്തിയതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇറാനിലെ ഛബഹാറിൽനിന്നു പാക്കിസ്ഥാന്‍ ജാദവിനെ പിടികൂടി വ്യാജ കേസ് ചമയ്ക്കുകയായിരുന്നു. എന്നാൽ ചാരപ്രവർത്തനത്തിനാണ് ജാദവിനെ പിടികൂടിയതെന്നാണു പാക്ക് വാദം. മാർച്ച് മൂന്നിനു ബലൂചിസ്ഥാനിൽനിന്നു ജാദവിനെ പിടികൂടിയെന്ന് അറിയിച്ച പാക്ക് സർക്കാർ, സൈനിക കോടതിയിൽ നടത്തിയ രഹസ്യ വിചാരണയ്ക്കുശേഷം എപ്രിൽ 10ന് വധശിക്ഷയും വിധിച്ചു. ഇതിനെതിരെ ഇന്ത്യ ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചു ശിക്ഷയ്ക്കു സ്റ്റേ വാങ്ങുകയായിരുന്നു. എന്നാൽ കോടതി വിധി അംഗീകരിക്കാൻ ഇപ്പോഴും പാക്കിസ്ഥാൻ തയാറായിട്ടില്ല.

വ്യാജ പാസ്പോർട്ട് ഉപയോഗിച്ചു ജാദവ് പാക്കിസ്ഥാനിലെത്തിയെന്നാണു രാജ്യാന്തര കോടതിയിൽ പാക്ക് അഭിഭാഷകൻ ഖാവർ ഖുറേഷി വാദിച്ചത്. സ്വന്തം വാദങ്ങളെല്ലാം തള്ളപ്പെട്ടു രാജ്യാന്തര കോടതിയിൽ തിരിച്ചടിയേറ്റുവാങ്ങിയ പാക്കിസ്ഥാനു മറ്റൊരു നാണക്കേടുകൂടിയാണ് ഷൊഐബിന്റെ വെളിപ്പെടുത്തൽ.