സിക വൈറസ് ഇന്ത്യയിലും; ഗുജറാത്തിൽ മൂന്നു പേർക്ക് വൈറസ് ബാധ

ന്യൂഡൽഹി ∙ ഇന്ത്യയിൽ മൂന്നു പേർക്ക് സിക വൈറസ് ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണം. ഗുജറാത്തിലെ അഹമ്മദാബാദിൽ 22കാരിയായ ഗർഭണി ഉൾപ്പെടെ മൂന്നുപേർക്കാണ് വൈറസ് ബാധ. ഇന്ത്യയിൽ ആദ്യമായാണ് സിക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രോഗബാധിതരെല്ലാം അഹമ്മദാബാദിലെ ബാപുനഗർ മേഖലയിൽ നിന്നുള്ളവരാണ്. ഇവരുടെ നിലവിലെ ആരോഗ്യസ്ഥിതി പുറത്തുവിട്ടിട്ടില്ല. മൂവരും നിരീക്ഷണത്തിലാണ്. 

2016 ഫെബ്രുവരി 10–16നും ഇടയിൽ ബിജെ മെഡിക്കൽ കോളജിൽ നിന്നും ശേഖരിച്ച 93 രക്തസാംപിളുകളിൽ  64 വയസുള്ള വ്യക്തിയാണ് സിക വൈറസ് ബാധിച്ചവരിൽ ഒരാൾ.  ഇതേ ആശുപത്രിയിൽ വച്ചു തന്നെ നവംബർ ഒൻപതിന് രക്തം പരിശോധിക്കാൻ നൽകിയ 34 വയസുള്ള സ്ത്രീയാണ് വൈറസ് ബാധ കണ്ടെത്തിയ രണ്ടാമത്തെ വ്യക്തി. 2017 ജനുവരി ആറ് മുതൽ 12 വരെയുള്ള തീയതിയിൽ ബിജെ മെഡിക്കൽ കോളജിൽ രക്തം പരിശോധനയ്ക്ക് നൽകിയ ഗർഭിണിയാണ് സിക വൈറസിന്റെ മൂന്നാമത്തെ ഇര. വൈറസ് ബാധ സംശയിക്കുന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അവരുടെ നിർദേശമനുസരിച്ച് നിരീക്ഷിക്കുകയുമായിരുന്നു. ഇതോടെയാണ് ഇന്ത്യയിലെ സിക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. മുൻപ് സിംഗപ്പൂരിൽ കഴിയുന്ന ഇന്ത്യക്കാരിൽ ചിലർക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 

ഈഡിസ് കൊതുകുകളാണു മനുഷ്യരിൽ സിക വൈറസ് പടർത്തുന്നത്. ഫലപ്രദമായ ചികിൽസയോ പ്രതിരോധമരുന്നോ ഇല്ല. വൈറസ് പ്രവേശിച്ചാൽ പനിയും ശരീരത്തിൽ തടിപ്പുകളും ഉണ്ടാകും. കണ്ണുകൾ ചുവക്കും. സിക വൈറസ് സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് 1947ൽ, ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിലാണ്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ആദ്യമായി കണ്ടെത്തിയത് 2014ൽ ആണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സിക വൈറസ് ബാധ വ്യാപകം. യുഎസിലെ പ്യൂട്ടോ റിക്കോയിലും വൈറസ് ബാധ കണ്ടെത്തി. പിന്നാലെ ഡെൻമാർക്കിലും നെതർലൻഡ്സിലും ബ്രിട്ടനിലുമെല്ലാം സിക സ്ഥിരീകരിച്ചു.