മൂന്നാറില്‍ അനുമതിയില്ലാതെ പുതിയ കെട്ടിടങ്ങള്‍ പാടില്ല: ഹരിത ട്രൈബ്യൂണല്‍

ചെന്നൈ∙ മൂന്നാറില്‍ കെട്ടിടനിര്‍മാണത്തിനു നിയന്ത്രണം കര്‍ശനമാക്കി ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. നിര്‍മാണങ്ങള്‍ക്കു പഞ്ചായത്തിന്‍റെയും റവന്യൂ വകുപ്പിന്‍റെയും അനുമതി മാത്രം പോരെന്നും മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെയും അനുമതി വാങ്ങണമെന്നും ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി. ഏലമലക്കാട്ടില്‍ മരം മുറിക്കാന്‍ പാടില്ലെന്നും ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റെ ഉത്തരവു വ്യക്തമാക്കുന്നു.

റവന്യൂ വകുപ്പിന്റെ അനുമതിയില്ലാത്ത നിരവധി കെട്ടിടങ്ങൾ മൂന്നാറിൽ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണു കെട്ടിട നിർമാണത്തിനു ദേശീയ ഹരിത ട്രൈബ്യൂണൽ നിയന്ത്രണം ഏർപ്പെടുത്തിയത്‌. മേഖലയിൽ കെട്ടിട നിർമാണത്തിന് അപേക്ഷിച്ചവർക്കെല്ലാം പഞ്ചായത്ത് ലൈസൻസ് നൽകുകയാണ്. ഇതു കയ്യേറ്റത്തെ പ്രോൽസഹിപ്പിക്കുന്നു. അതിനാൽ ഇനി മുതൽ കെട്ടിട നിർമാണത്തിനു മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി കൂടി വേണം. രണ്ടര ലക്ഷം ഏക്കർ വരുന്ന ഏലമലക്കാടുകളിൽ മരം മുറിക്കുന്നതിനും ട്രൈബ്യൂണൽ നിയന്ത്രണം ഏർപ്പെടുത്തി.

സർക്കാർ അനുമതിയുണ്ടെങ്കിൽ മാത്രമേ മേഖലയിൽനിന്നു മരം മുറിക്കാവൂ എന്നു ട്രൈബ്യൂണൽ നിർദേശിച്ചു. വിഷയത്തെ സർക്കാർ ഗൗരവത്തോടെയാണു കാണുന്നതെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ അറിയിച്ചു. കയ്യേറ്റം തടയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിനായുള്ള നടപടികൾ തുടങ്ങിയതായും സർക്കാർ വ്യക്തമാക്കി.

എന്നാൽ ഇപ്പോഴും മേഖലയിൽ കയ്യേറ്റം തുടരുകയാണെന്നു കേസിൽ കക്ഷി ചേർന്നു കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടറാമിനെയും കേസിൽ കക്ഷി ചേർത്തു. മൂന്നാർ പഞ്ചായത്തും ഇടുക്കി ജില്ലാ ക‌ലക്ടറും കെഎസ്ഇബിയും റിപ്പോർട്ട് നൽകി. കേസ് ഓഗസ്റ്റ് ഏഴിനു വീണ്ടും പരിഗണിക്കും.