ഖത്തറിലെ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം: മോദിക്കു പിണറായിയുടെ കത്ത്

തിരുവനന്തപുരം ∙ മൂന്നുലക്ഷം മലയാളികൾ ഉൾപ്പെടെ ഖത്തറിലുള്ള ആറു ലക്ഷം ഇന്ത്യൻ പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ‌ കത്തയച്ചു. ഖത്തറിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ആശങ്കകള്‍ അകറ്റുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

ആറര ലക്ഷത്തോളം ഇന്ത്യക്കാര്‍ ഖത്തറില്‍ കഴിയുന്നുണ്ട്. അവരില്‍ മൂന്നു ലക്ഷം പേര്‍ മലയാളികളാണ്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളുടെ സങ്കീര്‍ണത കണക്കിലെടുത്ത് ഖത്തറിൽ അടിയന്തരമായി ഇടപെടണം. ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സൗദി അറേബ്യ ഉള്‍പ്പെടെ ഏതാനും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഖത്തറുമായുളള നയതന്ത്രബന്ധം വിഛേദിക്കുകയും അവിടേക്കുളള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരിക്കുകയാണ്. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന് ആരോപിച്ചാണ് നടപടി.