കൊച്ചിയിലെ വെളളക്കെട്ട്: മെട്രോ അധികൃതരെ പഴിച്ച് മേയർ

കൊച്ചി ∙ മഴയെ തുടർന്ന് കൊച്ചിയിൽ രൂപപ്പെട്ട വെളളക്കെട്ടിന് മെട്രോ റെയിൽ അധികൃതരെ പഴിച്ച് മേയർ സൗമിനി ജയിൻ‍. മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നഗരത്തിലെ വെളളക്കെട്ട് രൂക്ഷമാക്കിയതെന്ന് മേയര്‍ കുറ്റപ്പെടുത്തി. നഗരത്തിലെ കാനകളുടെ ശുചീകരണത്തിന് ഇന്നു മുതല്‍ കൂടുതല്‍ തൊഴിലാളികളെ നിയോഗിക്കുമെന്നും മേയര്‍ അറിയിച്ചു. 

കൊളളാവുന്നൊരു മഴ പെയ്തപ്പോഴേക്കും കൊച്ചിയിലെ റോഡത്രയും മുങ്ങി. എംജി റോഡും,ബാനര്‍ജി റോഡും തുടങ്ങി മുഖ്യപാതകളില്‍ പോലും കാല്‍നട യാത്ര അസാധ്യമായി. കാനകള്‍ നിറഞ്ഞു. പക്ഷേ ഈ കുഴപ്പങ്ങള്‍ക്കത്രയും കാരണം കൊച്ചി മെട്രോ നിര്‍മാണമാണെന്നാണ് മേയറുടെ വിശദീകരണം. മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലെ കാനകളുടെ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം കെഎംആര്‍എലും ഡിഎംആര്‍സിയും പാലിച്ചില്ലെന്നും മേയര്‍ കുറ്റപ്പെടുത്തുന്നു. 

റെയില്‍വേയുടെയും പൊതുമരാമത്ത് വകുപ്പിന്‍റെയും വീഴ്ചയും നഗരത്തില്‍ വെളളക്കെട്ടിന് കാരണമായെന്ന് മേയര്‍ പഴിക്കുന്നു. എല്ലാവകുപ്പുകളും ഒരു പോലെ സഹകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ ദുഷ്ക്കരമാകുമെന്നാണ് വെളളക്കെട്ട് വിലയിരുത്താന്‍ ചേര്‍ന്ന കോര്‍പറേഷന്‍ ഉന്നതരുടെ യോഗത്തിലുണ്ടായ പൊതുവിലയിരുത്തല്‍. ഉദയക്കോളനിയടക്കം നഗരത്തിലെ താഴ്ന്ന മേഖലകളിലെ വെളളം കയറിയ വീടുകളിലെ താമസക്കാരെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കാനുളള നടപടികളുണ്ടാകുമെന്നും മേയര്‍ അറിയിച്ചു. 

നഗരത്തിലെ കാനകളുടെ നവീകരണത്തിന് കൂടുതല്‍ തൊഴിലാളികളെ വിന്യസിച്ച് താല്‍ക്കാലികമായെങ്കിലും പ്രശ്നം പരിഹരിക്കാനുളള തീവ്രശ്രമത്തിലാണ് കോര്‍പറേഷൻ.