പീഡനത്തിനിരയായ യുവതി കൈക്കുഞ്ഞിന്റെ മൃതദേഹവുമായി ആശുപത്രികൾ കയറിയിറങ്ങി

representative image

ന്യൂഡൽഹി∙ ഒൻപതുമാസം മാത്രം പ്രായമുള്ള തന്റെ പെൺകുഞ്ഞിന്റെ മരണം ഉൾക്കൊള്ളാനാകാതെ അവളുടെ ജീവനായി ആശുപത്രികൾ കയറിയിറങ്ങി ഗുരുഗ്രാമിൽ കൂട്ടമാനഭംഗത്തിനിരയായ യുവതി. ആദ്യം ഭർതൃവീട്ടിലേക്കും പിന്നീട് ‍ഡൽഹി തുഗ്ലക്ബാദിലെ വീട്ടിലേക്കുമാണ് യുവതി കുഞ്ഞുമായി ഓടിയത്. മേയ് 29നാണ് കുഞ്ഞുമായി വീട്ടിലേക്കു പുറപ്പെട്ട യുവതി കൂട്ടമാനഭംഗത്തിനിരയായത്. ഓടുന്ന ഓട്ടോറിക്ഷയിലായിരുന്നു സംഭവം. കുഞ്ഞു കരഞ്ഞതോടെ പ്രതികൾ അവളെ പുറത്തേക്ക് എറിയുകയായിരുന്നു.

മാനഭംഗപ്പെടുത്തിയതിനുശേഷം ഖേരി ദുല്ല പ്ലാസയ്ക്കു സമീപമാണ് യുവതിയെ പ്രതികൾ ഇറക്കിവി‌ട്ടത്. തന്റെ പരുക്കുകളോ ബുദ്ധിമുട്ടുകളോ വകവയ്ക്കാതെ കുഞ്ഞിനെ തിരഞ്ഞെത്തിയ യുവതി കുട്ടിയുമായി ആശുപത്രികൾ തോറും കയറിയിറങ്ങി. ആദ്യം ഭർതൃഭവനത്തിലേക്കു പോയ യുവതി, അവിടെയുള്ള ഡോക്ടറെ കാണിച്ചപ്പോൾ കുട്ടി മരിച്ചുവെന്ന് അറിഞ്ഞു. എന്നാൽ അതുവിശ്വസിക്കാനാതെ യുവതി ഡൽഹി തുഗ്ലക്ബാദിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്കു പോകുകയായിരുന്നു. രാവിലെ തിരക്കേറിയ സമയത്ത് ‍‍ഡൽഹി മെട്രോ ട്രെയിനിലായിരുന്നു യുവതിയുടെ യാത്ര.

പൊലീസ് പുറത്തുവിട്ട പ്രതികളുടെ രേഖാചിത്രം

തുഗ്ലക്ബാദിലെത്തിയ യുവതി കുഞ്ഞിനെ രക്ഷിക്കണമെന്ന ആവശ്യവുമായി അവിടെയൊരു ഡോക്ടറെയും സമീപിച്ചു. ആ ഡോക്ടറും കുഞ്ഞുമരിച്ചെന്നു തന്നെയാണ് യുവതിയെ അറിയിച്ചതും. തുടർന്ന് പൊലീസിൽ പരാതി നൽകുന്നതിനായി കുഞ്ഞിന്റെ മൃതദേഹവും നെഞ്ചോടടുക്കി അവൾ തിരികെ ഗുരുഗ്രാമിലെത്തുകയും ചെയ്തു. ഭർത്താവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ അവൾ, തന്റെ കുഞ്ഞിനെ പ്രതികൾ ഓട്ടോറിക്ഷയിൽനിന്ന് പുറത്തേക്കെറിഞ്ഞുവെന്നാണ് ആദ്യം പരാതി നൽകിയത്. പിന്നീടാണ് പീഡനത്തിനിരയായ വിവരമറിയിച്ചത്.

ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്നു കൈക്കുഞ്ഞുമായി ഖൻഡ ഗ്രാമത്തിലെ മാതാപിതാക്കളുടെ അടുക്കലേക്കു പോകുകയായിരുന്നു യുവതി. ഗുരുഗ്രാം എക്സ്പ്രസ് ഹൈവേയിൽ ഐഎംടി മനേസറിനു സമീപത്തു നിന്നാണ് ഇവർ ഓട്ടോയിൽ കയറിയത്. ഡ്രൈവറെക്കൂടാതെ മറ്റു രണ്ടുപേർ കൂടി യാത്ര ചെയ്യാനുണ്ടായിരുന്നു. യാത്ര ആരംഭിച്ചപ്പോൾ മുതൽ സംഘം തന്നെ ശല്യപ്പെടുത്താൻ ശ്രമിച്ചതായി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. എതിർത്തെങ്കിലും ഓട്ടോ ഡ്രൈവർ ഉൾപ്പെടെയുള്ളവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.

കുഞ്ഞു കരഞ്ഞതോടെ ഓട്ടോയിൽ നിന്നു പുറത്തേക്കു വലിച്ചെറിയുകയായിരുന്നു. തുടർന്നു ഖേരി ദുല്ല പ്ലാസയ്ക്കു സമീപം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് പിന്നീടു മരിച്ചു. മേയ് 30നു യുവതി പരാതി നൽകിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ല. കഴിഞ്ഞ ദിവസം വീണ്ടും പരാതി നൽകിയതോടെയാണു സംഭവം പുറത്തറിഞ്ഞത്.