രണ്ടു ഡിവൈഎസ്പിമാർക്കു ഭീഷണി; കെ. സുരേന്ദ്രനെതിരെ കേസ്

കണ്ണൂർ∙ ഫസല്‍ വധക്കേസ് തുടരന്വേഷണവിവാദവുമായി ബന്ധപ്പെട്ടു രണ്ടു ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തിയതിനു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ കേസ്. കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്‍, തലശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം എന്നിവര്‍ക്കെതിരെ സമൂഹമാധ്യമത്തിലും പ്രസംഗത്തിലും ഭീഷണി മുഴക്കിയതിനാണു ടൗണ്‍ പൊലീസ് കേസെടുത്തത്. ഡിവൈഎസ്പി സദാനന്ദനാണു പരാതി നൽകിയത്.

ജൂൺ പത്തിനു സമൂഹമാധ്യമത്തിൽ കെ. സുരേന്ദ്രന്‍ പോസ്റ്റു ചെയ്തതു ഭീഷണിയും പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കലുമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. കണ്ണൂരില്‍ പൊതുയോഗത്തില്‍ കെ. സുരേന്ദ്രന്‍ നടത്തിയ പ്രസംഗത്തിലും രണ്ട് ഉദ്യോഗസ്ഥരുടെ പേരു പരാമര്‍ശിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. 

'സിപിഎമ്മുകാരായ ഈ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നു സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിലെ പ്രതികളെ രക്ഷിക്കാനാണ് ഈ സിഡി നാടകം ഉണ്ടാക്കിയത്. ഇതു സര്‍വീസ് ചട്ടങ്ങള്‍ക്ക് നിരക്കുന്നതാണോ. ഇവര്‍ ആരുടെ ഇംഗിതമാണു കണ്ണൂരില്‍ നടപ്പാക്കുന്നത്. ഇവര്‍ ചെയ്തതു കുറ്റമല്ലേ. ഇവര്‍ക്കെതിരെ നടപടി ആവശ്യമില്ലേ. എടോ സദാനന്ദാ, പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജിവെച്ചിട്ട് ആ പണിക്കുപോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാല്‍ അതു മനസിലാവാതിരിക്കാന്‍ ഞങ്ങള്‍ വെറും പോഴന്‍മാരൊന്നുമല്ല. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്‍മാര്‍ തന്നെ. മൈന്‍ഡ് ഇറ്റ്'- സമൂഹമാധ്യമത്തിൽ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തതിങ്ങനെ.

സുരേന്ദ്രന്റെ ഭീഷണി കേരള പൊലീസ് ആക്ടിലെ 120 (ഒ), 117 (ഇ) എന്നീ വകുപ്പുകള്‍പ്രകാരം ക്രിമിനല്‍ കുറ്റമാണെന്നു ഡിവൈഎസ്പി ചൂണ്ടിക്കാട്ടുന്നു. കൂത്തുപറമ്പിലെ മോഹനന്‍ വധക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ജില്ലാ പൊലീസ് മേധാവിയാണുതന്നെ ഏല്‍പ്പിച്ചത്. അതനുസരിച്ചു കേസില്‍ സുബീഷിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യവെയാണു ഫസല്‍ വധക്കേസിലെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്. അത്തരമൊരു കുറ്റസമ്മതമൊഴി ആ കേസന്വേഷണത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയെന്നതു ഔദ്യോഗിക ബാധ്യതയാണ്. സിബിഐ കോടതിയില്‍ ഹാജരാക്കാനായി വിവരാവകാശ നിയമപ്രകാരം ഫസലിന്റെ സഹോദരനു മാത്രമാണു കുറ്റസമ്മതമൊഴിയുടെ സിഡി സീല്‍പതിച്ചു കവറിലാക്കി നല്‍കിയിരുന്നതെന്നു സദാനന്ദന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

കണ്ണൂർ ജില്ലയില്‍ നടന്ന ചിലരാഷ്ട്രീയ കൊലപാതകങ്ങളില്‍ ശാസ്ത്രീയ അന്വേഷണമില്ലാതെ വ്യാജസാക്ഷികളുടെ മൊഴിമാത്രം വിശ്വസിച്ചു സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി പ്രതികളെ അറസ്റ്റുചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പിന്നീടു ശാസ്ത്രീയ അന്വേഷണത്തിലൂടെ യഥാർഥ പ്രതികളെ കണ്ടെത്തിയാല്‍അതു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുത്തണം. അതാണുതാന്‍ ചെയ്തത്. തളാപ്പിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുശീല്‍കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎമ്മുകാരെ അറസ്റ്റു ചെയ്യാനാവശ്യപ്പെട്ട് കെ.സുരേന്ദ്രനുള്‍പ്പെടെ തന്നെ ഓഫീസില്‍ കണ്ടിരുന്നു. അതുചെയ്യാത്തതിന് എനിക്ക് ഭീഷണി കത്തുകളും ലഭിച്ചു. എന്നാല്‍ പിന്നീടു യഥാര്‍ത്ഥ പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാരെയാണു കേസില്‍ അറസ്റ്റ് ചെയ്തതെന്നും സദാനന്ദൻ പരാതിയിൽ വ്യക്തമാക്കി.