Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോക്കിയിൽ ആശ്വാസം; പാക്കിസ്ഥാന്റെ ‘വല നിറച്ച്’ 7–1 വിജയവുമായി ഇന്ത്യ

Hockey World League പാക്കിസ്ഥാനെതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ.

ലണ്ടൻ ∙ ഇന്ത്യൻ കായികലോകം ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ലഹരിയിൽ മുങ്ങിത്താഴുമ്പോൾ, ലണ്ടനിൽത്തന്നെ മറ്റൊരിടത്ത് ഹോക്കിയിൽ പാക്കിസ്ഥാനെ ഗോൾമഴയിൽ മുക്കി ഇന്ത്യ. ലോക ഹോക്കി ലീഗ് സെമി ഫൈനൽ റൗണ്ടിലെ പൂൾ ബി മൽസരത്തിൽ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം.

ഇന്ത്യയ്ക്കായി ഹർമൻപ്രീത് സിങ് (13, 33), തൽവീന്ദർ സിങ് (21, 24), ആകാശ്ദീപ് സിങ് (47, 59) എന്നിവർ ഇരട്ടഗോൾ നേടി. ഏഴാം ഗോൾ പർദീപ് മോറിന്റെ (49) വകയാണ്. പാക്കിസ്ഥാന്റെ ആശ്വാസ ഗോൾ മുഹമ്മദ് ഉമർ ബൂട്ട (57) നേടി. ചൊവ്വാഴ്ച നെതർലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മൽസരം.

ഗ്രൂപ്പിൽ കാനഡയെയും സ്കോട്‌ലൻഡിനെയും തോൽപ്പിച്ച ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. കാനഡയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോൽപ്പിച്ച ഇന്ത്യ, സ്കോട്‌ലൻഡിനെ 4–1നും തകർത്തിരുന്നു. ഇതോടെ, ഒൻപതു പോയിന്റുമായി ഗ്രൂപ്പിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി. മൂന്നു മൽസരവും തോറ്റ പാക്കിസ്ഥാൻ ഗ്രൂപ്പിൽ ഏറ്റവും പിന്നിലാണ്.

ഹോക്കി ചരിത്രത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടുന്ന 56–ാം വിജയമാണിത്. പാക്കിസ്ഥാനെതിരെ നേടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2003ലെ ചാംപ്യൻസ് ട്രോഫിയിലും 2010ലെ കോമൺവെൽത്ത് ഗെയിംസിലും നാലിനെതിരെ ഏഴു ഗോളുകൾക്ക് പാക്കിസ്ഥാനെ തകർത്തതാണ് ഇതുവരെയുള്ള ഏറ്റവും വലിയ വിജയം.