ഉന്നതതല യോഗം വേണ്ട; മൂന്നാർ കയ്യേറ്റമൊഴിപ്പിക്കണമെന്ന നിലപാടിലുറച്ച് സിപിഐ

മൂന്നാറിൽ കയ്യേറ്റമൊഴിപ്പിക്കുന്നു (ഫയൽ ചിത്രം)

തിരുവനന്തപുരം∙ മൂന്നാറിൽ കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന നിലപാടിലുറച്ചു സിപിഐ. വിഷയം ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിക്കുന്നതിൽ എതിർപ്പു പ്രകടിപ്പിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, മുഖ്യമന്ത്രി പിണറായി വിജയനു കത്തുനൽകി. യോഗം വിളിക്കുന്നതിൽ നിയമപരമായ തടസ്സങ്ങളുണ്ട്. കയ്യേറ്റക്കാരന്റെ പരാതിയിൽ യോഗം വിളിക്കുന്നതു ശരിയല്ല. റവന്യൂ ഉദ്യോഗസ്ഥർ നടപ്പാക്കുന്നതു നിയമപരമായ കാര്യങ്ങളാണെന്നും കത്തിൽ‍ ചന്ദ്രശേഖരൻ പറയുന്നു. സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ തൽസ്ഥാനത്തുനിന്നു മാറ്റണമെന്ന് എം.എം. മണിയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

ജൂലൈ ഒന്നിന് ഉന്നതതല യോഗം വിളിക്കുന്നതിനായിരുന്നു മുഖ്യമന്ത്രി നിർദേശിച്ചിരുന്നത്. എം.എം. മണിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി യോഗത്തിന്റെ നിർദേശപ്രകാരമായിരുന്നു യോഗം വിളിക്കാൻ തീരുമാനിച്ചത്. ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കില്ലെന്ന മുൻ തീരുമാനം സബ് കലക്ടർ ലംഘിക്കുന്നുവെന്നു പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉന്നതതല യോഗം വിളിക്കുന്നതിനായിരുന്നു നിർദേശം. ‌‌

ഇടുക്കി പാപ്പാത്തിച്ചോലയിൽ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കിയതോടെയാണ് കയ്യേറ്റമൊഴിപ്പിക്കൽ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ജെസിബി ഉപയോഗിച്ചുള്ള ഒഴിപ്പിക്കലുകൾ നടത്തരുതെന്നും നിർദേശമുണ്ടായിരുന്നു.