മോദി എത്തും മുമ്പേ 22 പ്രിഡേറ്റർ ഡ്രോണുകൾ ഇന്ത്യയ്ക്ക് 'സമ്മാനിച്ച്' ഡോണള്‍ഡ് ട്രംപ്

വാഷിങ്ടൻ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി ഇന്ത്യയ്ക്കു അത്യാധുനിക പ്രിഡേറ്റർ ഗാർഡിയൻ ഡ്രോണുകൾ വിൽക്കാൻ യുഎസ് കോൺഗ്രസിന്റെ അനുമതി. 22 ആളില്ലാ വിമാനങ്ങൾ വിൽക്കാനാണ് അനുമതി. മൂന്നു ബില്യൺ ഡോളറിന്റെ ഇടപാടാണിത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് യുഎസിൽനിന്ന് അറിയിപ്പു ലഭിച്ചു.

നാറ്റോയ്ക്ക് പുറത്തുള്ള രാജ്യത്തിന് യുഎസ് ആദ്യമായാണ് ഡ്രോണുകൾ വിൽക്കുന്നത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബറാക് ഒബാമയുടെ നയം തുടരാൻ ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നതിന്റെ തെളിവാണ് ഇതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഈ മാസം 25, 26 തീയതികളിലാണ് മോദിയുടെ യുഎസ് സന്ദർശനം. ജൂൺ 26നാണ് മോദി വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നത്.

7500 കിലോമീറ്റർ കടൽത്തീരമുള്ള ഇന്ത്യയെ ശത്രുക്കളിൽനിന്നു സംരക്ഷിക്കാൻ ഇന്ത്യൻ നാവികസേനയ്ക്ക് പ്രിഡേറ്റർ ഗാർഡിയൻ ഡ്രോണുകൾ വലിയ മുതൽക്കൂട്ടാകും. ജനറൽ ആറ്റമിക്സ് നിർമിക്കുന്ന 22 ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. അമേരിക്കൻ നിർമിത ഡ്രോണ്‍ വിമാനങ്ങൾ സ്വന്തമാക്കാനുള്ള താൽപര്യം നേരത്തേ ഇന്ത്യ ഒബാമ ഭരണകൂടത്തെ അറിയിച്ചിരുന്നു. 27 മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കുന്ന പ്രിഡേറ്റർ ഡ്രോണുകൾ 50,000 അടി ഉയരം വരെ പറക്കും.

പ്രിഡേറ്റർ ഗാർഡിയൻ ഡ്രോൺ (ചിത്രം: ജനറൽ ആറ്റമിക്സ്)

മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള പ്രിഡേറ്റർ അവഞ്ചർ ഡ്രോണുകളാണ് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാൽ, അത്യാധുനിക ആളില്ലാവിമാനംതന്നെ നൽകാനാണ് യുഎസ് തീരുമാനം. ഇന്ത്യൻ സമുദ്രത്തിലും അറബിക്കടലിലും ശക്തിയാർജിക്കുന്ന ചൈനീസ് സ്വാധീനം, അതിർത്തിയിലെ പാക്ക് പ്രകോപനം എന്നിവയെ നേരിടാൻ ഡ്രോണുകൾ‌ സഹായിക്കുമെന്നാണ് ഇന്ത്യൻ സേന കണക്കുകൂട്ടുന്നത്.