ചൈനയിൽ വൻ മണ്ണിടിച്ചിൽ; നൂറോളം പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ചൈനയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ. (ചിത്രങ്ങൾക്ക് കടപ്പാട്: ട്വിറ്റർ)

ബെയ്ജിങ് ∙ തെക്കു പടിഞ്ഞാറൻ ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിൽ രാത്രി വൈകിയുണ്ടായ മണ്ണിടിച്ചിലിൽ നൂറോളം പേരെ കാണാതായതായി റിപ്പോർട്ട്. നാൽപതിലധികം വീടുകളും മണ്ണിനടിയിൽ പെട്ടതായി പ്രവിശ്യയിലെ പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പർവതപ്രദേശത്തോടു ചേർന്നുള്ള ഒരു ഗ്രാമമാകെ മണ്ണുവന്നു മൂടിയെന്നും റിപ്പോർട്ടുണ്ട്.

വലിയ മലയുടെ ഒരുഭാഗം ഇടിഞ്ഞുണ്ടായ അപകടത്തിൽ പ്രദേശത്തെ പുഴയുടെ ഒഴുക്ക് രണ്ടു കിലോമീറ്ററോളം നീളത്തിൽ തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനൊപ്പം വലിയ പാറകളും ഉരുണ്ടു വീണത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. മഴക്കാലത്ത് ചൈനയിലെ പർവത പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ പതിവുസംഭവമാണ്