ഇന്ന് ചെറിയ പെരുന്നാൾ; സംസ്ഥാനമെമ്പാടും ഈദ്ഗാഹുകൾ

തിരുവനന്തപുരത്ത് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം∙ വ്രതശുദ്ധിയുടെ പുണ്യംപേറി സംസ്ഥാനം ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒമാനിലും ഇന്നാണ് പെരുന്നാൾ. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒരുക്കിയിരിക്കുന്ന ഈദ് ഗാഹുകളിൽ വിശ്വാസികൾ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയം അപകടകരമാണെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ബീഫ് വിവാദത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമാണുള്ളത്. ബീഫിന്‍റെ പേരില്‍ മനുഷ്യരെ കൊല്ലരുതെന്നും ഇമാം കൂട്ടിച്ചേർത്തു.

കനത്ത മഴയെത്തുടർന്ന് ചിലയിടങ്ങളിൽ ഈദ് ഗാഹുകൾ വൈകിയാണ് ആരംഭിച്ചത്. തുറസായ സ്ഥലത്തുള്ള പെരുന്നാൾ നമസ്കാരം മഴ മൂലം നടന്നില്ല.

കൊച്ചിയിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കർണാടകയിലെ ഭട്കലിൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് കാസർകോട് ജില്ലയിൽ ഇന്നലെയായിരുന്നു ചെറിയ പെരുന്നാൾ. കർണാടകയുടെ തീരദേശങ്ങൾ, ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലും പെരുന്നാൾ ആഘോഷിച്ചു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു പെരുന്നാൾ.

ഗൾഫിൽ വിശ്വാസികള്‍ പുലര്‍ച്ചെ ആറ് മുതൽ നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. അതിരാവിലെ തന്നെ സ്ത്രീകളും കുട്ടികളുമടക്കമുള്ള വിശ്വാസികള്‍ പള്ളികളിലേക്ക് ഒഴുകി. മിക്കയിടത്തും പള്ളിക്കകം നിറഞ്ഞതിനാല്‍ വിശ്വാസികളുടെ നിര പുറത്ത് റോഡുകളിലേക്കും നീണ്ടു. ഷാര്‍ജ സ്‌റ്റേഡിയത്തിലെ ഈദ് ഗാഹിലും മറ്റു പള്ളികളിലും വന്‍ ജനപ്രവാഹമായിരുന്നു.