ജനങ്ങളെ വലയ്ക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ ‘പൂട്ടാൻ’ വിജിലൻസ്; പട്ടിക തയാറാക്കുന്നു

തിരുവനന്തപുരം ∙ ജനങ്ങളെ വലയ്ക്കുന്ന സര്‍ക്കാരുദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് തയാറാക്കുന്നു. ജനങ്ങളുമായി കൂടുതല്‍ നേരിട്ടിടപെടുന്ന റവന്യൂ, മോട്ടോര്‍ വാഹനവകുപ്പ്, ചെക്പോസ്റ്റുകള്‍, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലാണ് നിരീക്ഷണം. കുഴപ്പക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ച് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

അഴിമതിക്കാരെ പിടിക്കണമെന്ന സർക്കാർ നിർദേശ പ്രകാരമാണ് വിജിലൻസ് തീരുമാനം. പൊതുജനങ്ങളെ വലയ്ക്കുന്നവരും കൈക്കൂലി ആവശ്യപ്പെടുന്നവരുടെയും പട്ടിക വിജിലൻസ് തയാറാക്കും. കൂടാതെ പരാതി കൂടുതലുള്ള ഓഫിസുകളുടെ വിവരം ശേഖരിച്ച് സർക്കാരിനു സമർപ്പിക്കും. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടരായിരുന്നപ്പോൾ വിവിധ വകുപ്പുകളിലെ അഴിമതിയുടെ അടിസ്ഥാനത്തിൽ സൂചിക തയ്യാറാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ നടപടി.

വിവിധ വകുപ്പുകളിലെ അഴിമതികൾ ചൂണ്ടികാട്ടി പരാതി പ്രളയമാണ് വിജിലൻസ് ആസ്ഥാനത്ത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിൽ വില്ലേജ് ഓഫിസുകളിലാണ് കൂടുതൽ ക്രമക്കേട് കണ്ടെത്തിയത്. ഇടനിലക്കാരെ പിടിക്കാനും സമഗ്ര പ്ലാൻ തയാറാക്കാനും ജില്ലാ മേധാവികൾക്ക് വിജിലൻസ് ഡയറക്ടർ നിർദേശം നൽകി. വില്ലേജ് ഓഫിസുകൾ, ആർടി ഓഫിസുകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിൽ വിജിലൻസ് കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലും നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.