യുഎസ് രേഖയിൽ കശ്മീർ ‘ഇന്ത്യൻ ഭരണത്തിലുള്ള കശ്മീർ’ ആയി; ഇന്ത്യ തിരുത്തിയില്ല

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് രണ്ട് വിവാദങ്ങളും. യുഎസ് സർക്കാർ പുറത്തുവിട്ട ഒരു രേഖയിൽ കശ്മീരിനെ ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു–കശ്മീർ (ഇന്ത്യൻ അഡ്മിനിസ്റ്റേഡ് ജെ ആൻഡ് കെ) എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ ഇന്ത്യ പ്രതിഷേധിക്കാത്തതു ഞെട്ടിപ്പിക്കുന്ന അലംഭാവമാണെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി.

രണ്ടാമത്തെ വിവാദം മോദിയുടെ പ്രസംഗത്തിലെ പരാമർശം സംബന്ധിച്ചാണ്. വാഷിങ്ടണിൽ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ചയിൽ സംസാരിക്കവേ ‘കശ്മീർ മുതൽ കന്യാകുമാരി വരെയും അടോക്ക് മുതൽ കട്ടക്ക് വരെയും രാജ്യം മുഴുവനും’ എന്നു മോദി പറഞ്ഞതാണു വിവാദം. അടോക് ഇപ്പോൾ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സ്ഥലമാണ്. വിഭജനത്തിനുമുൻപ് ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കൾ പറഞ്ഞിരുന്ന ഒരു പ്രയോഗമാണ് ‘അടോക്ക് മുതൽ കട്ടക്ക് വരെ’ എന്നത്.

എഴുതി തയാറാക്കിയ പ്രസംഗം വായിക്കുകയായിരുന്നില്ല മോദിയെന്നും പാക്കിസ്ഥാനെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പറഞ്ഞതാണെന്നു കരുതുന്നില്ലെന്നുമാണു വിദേശ കാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ചു നൽകുന്ന വിശദീകരണം. പ്രസംഗത്തിൽ പ്രാസത്തിനു വേണ്ടി നടത്തിയ പദപ്രയോഗമായി കണ്ടാൽ മതി എന്നാണ് അവർ പറയുന്നത്.

പ്രസിഡന്റ് ഡോണൾഡ് ട്രംപും മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപ്, ഹിസ്ബുൽ മുജാഹിദ്ദീൻ നേതാവ് സയീദ് സലാഹുദ്ദീനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്ന യുഎസ് സർക്കാർ ഉത്തരവിലാണു കശ്മീരിനെ ഇന്ത്യൻ അഡ്മിനിസ്റ്റേഡ് എന്നു വിശേഷിപ്പിച്ചത്. യുഎസ് പദപ്രയോഗത്തിനെതിരെ മോദി സർക്കാർ ശബ്ദമുയർത്താത്തത് അദ്ഭുതകരമാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

ദിവസവും മോദിയും ബിജെപിയും പറഞ്ഞു കൊണ്ടിരിക്കുന്നതു വ്യാജ ദേശീയതയാണ് – അദ്ദേഹം കുറ്റപ്പെടുത്തി.