ട്രംപ് നിരാശപ്പെടുത്തി; 'മോദി പ്രധാനപ്പെട്ട പ്രധാനമന്ത്രി': ഇസ്രയേൽ പത്രം

ജറുസലേം∙ നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രിയാണെന്ന് ഇസ്രയേൽ പത്രം. മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായി, പ്രമുഖ ബിസിനസ് പത്രമായ ദി മേക്കറിന്റെ ഹീബ്രൂ എഡിഷനിലെ എഡിറ്റ് പേജിലാണ് പ്രശംസ. ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. 

'ഉണരൂ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രി വരുന്നൂ' എന്നാണു ലേഖനത്തിൽ മോദിയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും ലേഖനത്തിൽ വിശദീകരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യത്തെത്തിയത് വൻ പ്രതീക്ഷകളോടെയാണ്. എന്നാൽ അദ്ദേഹത്തിന്റെ സന്ദർശനം നിരാശപ്പെടുത്തി. രാജ്യം രൂപീകരിക്കപ്പെട്ട് ഏഴു പതിറ്റാണ്ടിനുശേഷം ആദ്യമെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ ട്രംപിനേക്കാൾ പ്രാധാന്യത്തോടെ സ്വീകരിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

മറ്റ് ഇസ്രയേൽ മാധ്യമങ്ങളും മോദിയുടെ സന്ദർശനത്തെ പ്രാധാന്യത്തോടെയാണു കാണുന്നത്. ഇന്ത്യയുമായും മോദിയുമായും ബന്ധപ്പെട്ട വാർത്തകൾക്കു പ്രത്യേക പരിഗണനയും മാധ്യമങ്ങൾ നൽകുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശനത്തിന് എത്തുമ്പോൾ പലസ്തീൻ സന്ദർശിക്കുകയോ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യുന്നില്ലെന്നതു അഭിനന്ദനാർഹമാണെന്നും മാധ്യമങ്ങൾ അഭിപ്രായപ്പെട്ടു.

ജൂലായ് നാലിനാണു മോദിയുടെ ത്രിദിന ഇസ്രായേൽ സന്ദർശനം ആരംഭിക്കുന്നത്. ജൂലായ് അഞ്ചിന് ടെൽ അവീവിൽ മോദി പങ്കെടുക്കുന്ന ചടങ്ങിൽ നാലായിരത്തോളം ഇന്ത്യൻ വംശജർ പങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മിൽ കാൽ നൂറ്റാണ്ടായുള്ള ബന്ധം മോദി അനുസ്മരിക്കും. ഇസ്രയേലുമായി 40 മില്യൺ ഡോളറിന്റേതടക്കം വിവിധ കരാറുകളിലും മോദി ഒപ്പിടും. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഒരുക്കുന്ന അത്താഴവിരുന്നിലും മോദി പങ്കെടുക്കും.