തടവുകാരിയെ ജയിൽ ജീവനക്കാർ വലിച്ചിഴയ്ക്കുന്നതു കണ്ടു: ഇന്ദ്രാണി കോടതിയിൽ

മുംബൈ∙ ബൈക്കുള ജയിലിൽ മരിച്ചനിലയിൽ കണ്ടെത്തിയ തടവുകാരിയെ ജയിൽ ജീവനക്കാർ വലിച്ചിഴയ്ക്കുന്നതു കണ്ടെന്ന് ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖർജി കോടതിയിൽ. വലിച്ചിഴച്ചുകൊണ്ടുപോയ തടവുകാരി മഞ്ജുള മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. മഞ്ജുളയെ സാരി കഴുത്തിൽ ചുറ്റി വലിച്ചിഴച്ചാണു കൊണ്ടുപോയതെന്നും ഇന്ദ്രാണി മുംബൈ കോടതിയിൽ അറിയിച്ചു. തന്നെ പാർപ്പിച്ചിരിക്കുന്ന തടവറയിൽനിന്നാണ് അതുകണ്ടതെന്നും ഇന്ദ്രാണി വ്യക്തമാക്കി.

ലാത്തി അല്ലെങ്കിൽ തടി ദണ്ഡ് മഞ്ജുളയുടെ സ്വകാര്യഭാഗത്ത് കയറ്റിയതായി സഹതടവുകാരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മഞ്ജുളയുടെ മരണത്തെത്തുടർന്നു പ്രതിഷേധിക്കാനായി ഇന്ദ്രാണി ഉൾപ്പെടെ 200 വനിതാ തടവുകാർ ജയിലിന്റെ മേൽക്കൂരയിൽ കയറിയിരുന്നു. സംഭവത്തെത്തുടർന്ന് ആറ് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഇതിൽ ഒരാളുടെമേൽ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. തടവുകാർക്കുള്ള ഭക്ഷണം സംബന്ധിച്ച പരാതിയാണ് മഞ്ജുളയ്ക്കുനേരെ ജയിൽ അധികൃതർ തിരിയാൻ കാരണം.

അതേസമയം, താനുൾപ്പെടുന്ന വനിതാ തടവുകാരെ പുരുഷ ഓഫിസർമാർ മർദിച്ചെന്നും ഇന്ദ്രാണി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇന്ദ്രാണിയെ പരിശോധനയ്ക്കു വിധേയമാക്കാൻ കോടതി ഉത്തരവിട്ടു. മകളായ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലാണ് രണ്ടുവർഷമായി ഇന്ദ്രാണി മുഖർജി തടവ് അനുഭവിക്കുന്നത്.