ബീഫിന്റെ പേരിൽ കൊല്ലുന്നെങ്കിൽ വെടിവച്ചു കൊന്നുതരണം: മന്ത്രി ജലീൽ

മലപ്പുറം ∙ ബീഫിന്റെ പേരിൽ ഗോരക്ഷകർ തന്നെ കൊല്ലാൻ വരികയാണെങ്കിൽ വെടിവച്ചു കൊന്നുതരണമെന്ന് മന്ത്രി കെ.ടി. ജലീൽ. നടുറോഡിലിട്ട് പേപ്പട്ടിയെ തല്ലിച്ചതയ്ക്കുന്നതു പോലെ അവമതിച്ചു കൊല്ലരുത്. അതു മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുത്. കഴിഞ്ഞ ദിവസവും ഒരാളെ തല്ലിക്കൊന്ന് അയാളുടെ ദയനീയമുഖം രാജ്യം മുഴുവൻ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷവിഭാഗങ്ങളിലെ നിരാലംബരായ വനിതകൾക്കുള്ള ‘ഇമ്പിച്ചിബാവ ഭവനനിർമാണ പദ്ധതി’ ആദ്യഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ബീഫിന്റെ പേരിൽ 28 പേർ രാജ്യത്തു കൊല്ലപ്പെട്ടു. പശുവിന്റെ പേരിൽ ഇനി കൊല പാടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞ് മണിക്കൂറുകൾക്കകം ഇരുപത്തിയൊൻപതാമത്തെ ആളും കൊല്ലപ്പെട്ടു. കേരളത്തിൽ ഈ അവസ്ഥയില്ല. മലപ്പുറത്ത് അടുത്തിടെ ക്ഷേത്രം ആക്രമിക്കപ്പെട്ട കേസിൽ ഉടൻതന്നെ പ്രതിയെ പിടിക്കാൻ കഴിഞ്ഞു. അല്ലെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? തകർക്കപ്പെടുന്ന ആരാധാനാലയങ്ങൾ പുനർനിർമിക്കാൻ സംഘടകനൾക്ക് അതീതമായ യോജിപ്പുണ്ടാകണം. കേരളത്തിൽ ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുമ്പോൾ ഇരുവിഭാഗവും പരസ്പരം ഉൽകൃഷ്ടമായ സമീപനമാണു സ്വീകരിക്കാറെന്നും ജലീൽ പറഞ്ഞു.