പാക്കിസ്ഥാൻ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു

റാവൽപിണ്ടി ∙ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്ന് പാക്കിസ്ഥാൻ. ‘നസർ’ എന്ന ഹ്രസ്വദൂര മിസൈൽ ആണ് പരീക്ഷിച്ചത്. 60–70 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന മിസൈലാണിത്. പാക്ക് സൈനിക മേധാവി ജനറൽ ഖ്വമർ ജാവേദ് ബജ്‍വയുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. മിസൈൽ പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രഞ്ജരെയും അദ്ദേഹം അനുമോദിച്ചു. 

രാജ്യം നേരിടുന്ന ഭീഷണികളെ ചെറുക്കുന്നതിനുള്ള പ്രതിരോധ സംവിധാനം കൂടുതൽ മികവുറ്റതാക്കാൻ പുതിയ പരീക്ഷണംകൊണ്ടു സാധിക്കുമെന്ന് ജനറൽ ഖ്വമർ ജാവേദ് ബജ്‍വ പറഞ്ഞു. എന്തു വിലകൊടുത്തും യുദ്ധം ഒഴിവാക്കണമെന്നാണ് പാക്ക് നിലപാട്.

വൻസൈനിക ശക്തിയുള്ള ശത്രുരാജ്യം ഉയർത്തുന്ന ഭീഷണി നിലനിൽക്കുമ്പോഴും പുതിയ മിസൈൽ പരീക്ഷണത്തിലൂടെ നേടിയിട്ടുള്ള തന്ത്രപരമായ മികവ് മേഖലയിലെ സമാധാനം നിലനിർത്താൻ സഹായിക്കും. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ ഏതറ്റംവരെയും പോകാൻ പാക്കിസ്ഥാൻ തയാറാണെന്നും പാക്ക് സൈനിക മേധാവി പറഞ്ഞു.