ദിലീപ് അനുകൂല മുദ്രാവാക്യം ജ്വല്ലറി ഉടമയുടെ നേതൃത്വത്തിൽ; പിന്തുണച്ച് യുവ നിർമാതാവും

ആലുവ∙ നടൻ ദിലീപിനെ ശനിയാഴ്ച വൈകിട്ടു സബ് ജയിലിൽ കൊണ്ടുവന്നപ്പോൾ ഫാൻസ് അസോസിയേഷൻ എന്ന പേരിൽ അനുകൂല മുദ്രാവാക്യം മുഴക്കിയതു നഗരത്തിലെ ജ്വല്ലറി ഉടമയുടെ നേതൃത്വത്തിലാണെന്നു പൊലീസ് കണ്ടെത്തി. ഇവർക്കു പിന്തുണയുമായി പെരുമ്പാവൂരിലെ യുവ ചലച്ചിത്ര നിർമാതാവുമുണ്ടായിരുന്നു.

പൊലീസിന് എതിരായും ദിലീപിന് അനുകൂലമായും മുദ്രാവാക്യം മുഴക്കാൻ ഇവരെ പ്രേരിപ്പിച്ചതും പണം മുടക്കിയതും ആരാണെന്നു പൊലീസ് പരിശോധിക്കും. ഇതിനിടെ ദിലീപ് വിഷയത്തിൽ പൊലീസിനും മാധ്യമങ്ങൾക്കും എതിരെ പ്രതികരിക്കാൻ ജനകീയവേദി എന്ന സംഘടന രൂപീകരിക്കാനും ശ്രമമുണ്ടായി.

രാഷ്ട്രീയ പാർട്ടികളുടെ യുവജനവിഭാഗം ഭാരവാഹികളെ മുന്നിൽ നിർത്തി കഴിഞ്ഞ ദിവസം നഗരത്തിൽ പ്രകടനം നടത്താൻ ഇവർ ആലോചിച്ചെങ്കിലും നടന്നില്ല. വേണ്ടത്ര ആളെ കിട്ടാത്തതാണു കാരണം. ഇതിനിടെ ഒളിവിൽ കഴിയുന്ന രണ്ടു പേർക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് തയാറാക്കി. ഇവരിൽ ഒരാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ അന്നു തന്നെ നോട്ടിസ് പുറത്തിറക്കുമെന്നാണു സൂചന.