ലണ്ടൻ നഗരത്തിലെ ചന്തയിൽ വൻ തീപിടിത്തം; 70ൽ പരം അഗ്നിശമനസേനാംഗങ്ങൾ രംഗത്ത്

ലണ്ടനിലെ കാംഡെൻ ചന്തയിലുണ്ടായ തീപിടിത്തം. ചിത്രത്തിനു കടപ്പാട്: ലണ്ടൻ ഫയർ ബ്രിഗ്രേഡ്, ട്വിറ്റർ.

ലണ്ടൻ∙ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ലണ്ടനിലെ കാംഡെൻ ചന്തയിൽ വൻ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെ പ്രാദേശിക സമയം മൂന്നു മണിയോടെയായിരുന്നു തീപിടിത്തം. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമനസേനയുടെ പത്തു വാഹനങ്ങളും 70ൽ അധികം ജീവനക്കാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തീ ഇപ്പോൾ നിയന്ത്രണവിധേയമാണ്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തായിട്ടില്ല.

ചന്തയ്ക്കകത്തുള്ള കെട്ടിടത്തിലെ ആദ്യമൂന്നു നിലകളും മേൽക്കൂരയുമാണ് തീപിടിച്ചത്. ഇവിടുത്തെ കടകൾ പൂർണമായും കത്തിനശിച്ചു. 1000ൽ അധികം കടകളാണ് ഈ ചന്തയിൽ പ്രവർത്തിക്കുന്നത്. ലണ്ടൻ നിവാസികളും വിദേശീയരുമുൾപ്പെടെ നിരവധിപ്പേർ ദിവസവും സന്ദർശിക്കുന്നവയാണ് കാംഡെൻ ചന്തയിലെ കടകൾ.