ദിലീപിനെതിരായ നടപടിയെ ‘അമ്മ’യിൽ ആരും എതിർത്തില്ല: പൃഥ്വിരാജ്, ആസിഫ് അലി

കൊച്ചി∙ നടൻ ദിലീപിനെ ‘അമ്മ’യിൽനിന്നു പുറത്താക്കിയ നടപടിയെ ആരും എതിർത്തില്ലെന്നു നടൻ പൃഥ്വിരാജ്. മമ്മൂട്ടിയുടെ വീട്ടിൽ നടന്ന ‘അമ്മ’ എക്സി‍ക്യൂട്ടിവ് യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. സിനിമയിൽ ഇനിയും ക്രിമിനലുകൾ ഉണ്ടോയെന്ന് അറിയില്ല. ചോദ്യം ചെയ്യലിന്റെ മാത്രം അടിസ്ഥാനത്തിൽ ആരും കുറ്റവാളികൾ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐക്യകണ്ഠമായാണു തീരുമാനം എടുത്തതെന്നു നടൻ ആസിഫ് അലി പറഞ്ഞു. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പായതിനുശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

നടപടിയിൽ പൂർണ തൃപ്തിയെന്ന് അമ്മ ഭാരവാഹിയും സിനിമയിലെ വനിതാ കൂട്ടായ്മ നേതാവുമായ രമ്യാ നമ്പീശൻ പ്രതികരിച്ചു. ‘അമ്മ’യുടെ മുൻ നിലപാടിൽ അതൃപ്തിയുണ്ടായിരുന്നു. വനിതാ കൂട്ടായ്മ ഉന്നയിച്ച പ്രശ്നങ്ങൾ ‘അമ്മ’ യോഗത്തിൽ ഉന്നയിച്ചു. സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ലെന്ന ശ്രീനിവാസന്റെ പ്രതികരണം തെറ്റ്.