മതസ്പർധ ഉളവാക്കുന്ന പരാമർശം: മുൻ ഡിജിപി സെൻകുമാറിനെതിരെ കേസ്

തിരുവനന്തപുരം∙ മതസ്പർധ ഉളവാക്കുന്ന തരത്തിൽ അഭിമുഖത്തിൽ പരാമർശം നടത്തിയെന്ന പരാതികളിൽ മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153 എ വകുപ്പുപ്രകാരമാണ് സൈബർ പൊലീസിന്റെ നടപടി. അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരെയും കേസെടുത്തു. സെൻകുമാറിനെതിരെ കേസെടുക്കണമോയെന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി നിഥിൻ അഗർവാൾ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായരോട് നിയമോപദേശം തേടിയിരുന്നു.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു വിരമിച്ച ശേഷം സെൻകുമാർ ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിലെ പരാമർശമാണു വിവാദമായത്. ഇതു സംബന്ധിച്ച പരാതികൾ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണു കേസെടുത്ത് അന്വേഷണം നടത്താനായി ക്രൈംബ്രാഞ്ചിനു കൈമാറിയത്. പൊലീസ് ആസ്ഥാനത്തെ നിയമോപദേഷ്ടാവിന്റെ ഉപദേശം തേടിയ ശേഷമാണു അന്വേഷണത്തിനു നിർദേശിച്ചത്. കേസ് എടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റ മറുപടി. 

ക്രൈംബ്രാഞ്ചിന്റെ കീഴിലെ സൈബർ സെൽ അന്വേഷിക്കാനായിരുന്നു നിർദേശം. എന്നാൽ, താൻ പറയാത്ത കാര്യങ്ങളാണു വാരികയിൽ അച്ചടിച്ചു വന്നതെന്നും വിവാദമായ പരാമർശം അഭിമുഖത്തിൽ നൽകിയിട്ടില്ലെന്നും ബെഹ്റയെ സെൻകുമാർ കത്തിലൂടെ അറിയിച്ചു. അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ അച്ചടിച്ചതിനെക്കുറിച്ചു വാരികയുടെ പത്രാധിപർക്ക് അയച്ച കത്തിന്റെ പകർപ്പാണു ബെഹ്റയ്ക്കും കൈമാറിയത്. അതു ബെഹ്റ ക്രൈംബ്രാഞ്ചിനു കൈമാറി. തുടർന്നാണു വീണ്ടും നിയമോപദേശം തേടിയത്. 

കേരളത്തിൽ നൂറു കുട്ടികൾ ജനിക്കുമ്പോൾ 42 എണ്ണവും മുസ്‌ലിം സമുദായത്തിൽ നിന്ന് ആണെന്നതു ആശങ്ക വർധിപ്പിക്കുന്നുവെന്നു ആയിരുന്നു സെൻകുമാറിന്റെ വിവാദ പരാമർശം. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നില്ലെന്നു പറയാൻ കഴിയില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു.