വിമ്പിൾഡൻ വനിത ടെന്നിസ്: വീനസിനെ വീഴ്ത്തി മുഗുരുസയ്ക്ക് കിരീടം

ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം സ്പാനിഷ് താരം ഗാർബൈൻ മുഗുരുസയ്ക്ക്. 77 മിനിറ്റ് നീണ്ടു നിന്ന നേരിട്ടുള്ള സെറ്റുകൾക്കാണ് അമേരിക്കയുടെ വീനസ് വില്യംസിനെ തോൽപ്പിച്ചത്. സ്കോർ: 7–5, 6–0. മുരുഗസയുടെ രണ്ടാം ഗ്രാൻസ്‍ലാം കിരീടനേട്ടമാണിത്. വിമ്പിൾഡൻ നേടുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് മുഗുരുസ.

മുഗുരുസയുടെ പരിശീലകയും മുൻ താരവുമായ കൊഞ്ചിത മാർട്ടിനെസ് ആണ് മുൻപ് വിമ്പിൾഡൻ കിരീടം ചൂടിയ സ്പാനിഷ് താരം. 2015ൽ സെറീന വില്യംസിനോടു തോറ്റ മുഗുരുസ ഇത്തവണ ഫൈനലിൽ സെറീനയുടെ മൂത്ത സഹോദരി വീനസ് വില്യംസിനെ തോൽപ്പിച്ചാണ് കിരീടം ചൂടിയത് എന്നത് മധുരമായ പകരംവീട്ടലായി.

സ്ലൊവാക്യൻ താരം മഗ്ദലെന റൈബാരിക്കോവയെ നിഷ്പ്രഭയാക്കിയാണ് 2016 ഫ്രഞ്ച് ഓപ്പൺ ജേത്രിയായ മുഗുരുസ ഫൈനലിൽ കടന്നത് (6–1,6–1). 2009നു ശേഷം ആദ്യമായാണ് വീനസ് വിമ്പിൾഡൻ ഫൈനലിൽ കടന്നത്.