കുൽഭൂഷന്റെ ദയാഹർജി സൈനിക മേധാവി പരിശോധിക്കുന്നു: പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ് ∙ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവ് (46) നൽ‌കിയ ദയാഹർജി സൈനിക മേധാവിയുടെ പരിഗണനയിലെന്ന് പാക്കിസ്ഥാൻ. പാക്ക് സൈനിക മേധാവി കേസ് പരിശോധിക്കുകയാണെന്നും നീതി നടപ്പാക്കുമെന്നും സൈനിക വക്താവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുൽഭൂഷൻ ജാദവ് നൽകിയ ദയാഹർജി കഴിഞ്ഞ മാസം പട്ടാളക്കോടതി തള്ളിയിരുന്നു.

പട്ടാളക്കോടതിക്കു നൽകിയ ദയാഹർജി തള്ളിയെങ്കിലും പാക്ക് പ്രസിഡന്റിനു ഹർജി നൽകാൻ ജാദവിന് അവസരമുണ്ട്. ‍പാക്ക് പട്ടാളക്കോടതിയുടെ വിധി സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ (ഐസിജെ) ഇടപെടലുമായി ദയാഹർജിക്കു ബന്ധമില്ലെന്നു പാക്ക് സൈന്യത്തിന്റെ ഭാഗമായ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) നേരത്തെ അറിയിച്ചിരുന്നു.

ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം ജാദവ് സമ്മതിച്ചതായി അവകാശപ്പെട്ട പാക്ക് അധികൃതർ, മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ കുറ്റസമ്മതം നടത്തുന്ന പുതിയ വിഡിയോ പുറത്തുവിട്ടിരുന്നു. പാക്കിസ്ഥാനിൽ നടത്തിയ അട്ടിമറികളെക്കുറിച്ചു കുൽഭൂഷൺ വിഡിയോയിൽ വിവരിക്കുന്നുണ്ട്. ചെയ്തുപോയ തെറ്റുകളിൽ പശ്ചാത്തപിക്കുന്നതായി പറയുന്നു.

നാവികസേനാ ഓഫിസറായി 2003ൽ വിരമിച്ചശേഷം ഇറാനിലെ ചാബഹാറിൽ വ്യാപാരിയായിരിക്കേ പാക്ക് പട്ടാളം കുൽഭൂഷൺ ജാദവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇന്ത്യൻ ചാരനെന്നു മുദ്രകുത്തി പട്ടാളക്കോടതിയിൽ വിചാരണ നടത്തി വധശിക്ഷ വധിച്ചതിനെതിരെയാണ് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയത്. എന്നാൽ, ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇന്ത്യയ്ക്കു വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന കണ്ടെത്തലുകൾ സത്യമാണെന്നും കുറ്റസമ്മതമൊഴിയിലും ദയാഹർജിയിലും ജാദവ് അക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നുമാണു പാക്കിസ്ഥാന്റെ നിലപാട്.