ആഘോഷങ്ങളില്ലാതെ വി.എസ്.അച്യുതാനന്ദന് അമ്പതാം വിവാഹവാർഷികം

അൻപതാം വിവാഹവാർഷിക ദിനത്തിൽ വി.എസ്.അച്യുതാനന്ദൻ ഭാര്യ വസുമതിക്ക് മധുരം നൽകുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം∙ ആഘോഷങ്ങളില്ലാതെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന് അമ്പതാം വിവാഹവാർഷികം. മാധ്യമപ്രവർത്തകരുടെ ആഭ്യർഥന മാനിച്ച് ഭാര്യ വസുമതിയമ്മയ്ക്കും കുടുംബാംഗങ്ങൾക്കും മധുരം നൽകിയതു മാത്രമായിരുന്നു ചടങ്ങ്. 1967 ജൂലൈ 16 ന് ആലപ്പുഴ മുല്ലയ്ക്കലിലായിരുന്നു വിഎസിന്റെയും വസുമതിയമ്മയുടെയും വിവാഹം.

പാർട്ടി ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.ശ്രീധരന്റെ പേരിലായിരുന്നു വിഎസിന്റെ വിവാഹത്തിനുള്ള ക്ഷണക്കത്ത്. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനവുമായി നടന്ന വിഎസ് 42-ാം വയസിലാണ് വിവാഹിതനായത്; വസുമതിയമ്മക്ക് 29 വയസും. കതിർമണ്ഡപമോ പുടവ നൽകലോ ഒന്നുമുണ്ടായിരുന്നില്ല. അന്നുതൊട്ടിന്നോളം, വിഎസിന്റെ പോരാട്ടങ്ങൾക്കു തണലായി വസുമതിയുമുണ്ട് ഒപ്പം.