ഒരു ലോഡ് കട്ടയിറക്കാൻ 2000 നോക്കുകൂലി; റോഡുപണി മുടക്കി എഐടിയുസി

ആലപ്പുഴ ∙ ആലപ്പുഴയില്‍ മന്ത്രി ജി. സുധാകരന്‍ താല്‍പര്യമെടുത്ത റോഡുപണി എഐടിയുസി തൊഴിലാളികൾ തടസപ്പെടുത്തി. പുതുക്കി നിർമിക്കുന്ന കളര്‍കോട് ഭാഗത്തെ ഇന്‍റര്‍ലോക് റോഡ് നിര്‍മ്മാണമാണ് പൂര്‍ണമായും തടസപ്പെട്ടത്. ഒരു ലോഡ് ഇന്‍റര്‍ലോക് കട്ടകള്‍ ഇറക്കുന്നതിനു രണ്ടായിരം രൂപയാണു നോക്കുകൂലിയായി എഐടിയുസി ആവശ്യപ്പെട്ടത്. ഇതു നല്‍കാനാകില്ലെന്നു കരാറുകാരന്‍ നിലപാടെടുത്തപ്പോള്‍ പണിതുടരാന്‍ അനുവദിക്കില്ലെന്ന് എഐടിയുസിയും പ്രഖ്യാപിച്ചു. 

എസ്ഡി കോളജിനു മുന്‍വശത്ത് ഇന്റര്‍ലോക്ക് പതിച്ച് റോഡിനു വീതികൂട്ടാനുള്ള പണിയാണ് തടസപ്പെടുത്തിയത്. ചുമട്ടുതൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും പണം നല്‍കാതെ പണിതുടരാന്‍ അനുവദിക്കില്ലെന്നും ഐഐടിയുസി ജില്ലാ സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു.

ഇവിടെ രണ്ടുദിവസമായി പണി നടന്നുവരികയായിരുന്നു. ചൊവ്വാഴ്ച ടിപ്പറില്‍ ഇന്റര്‍ലോക്ക് കട്ടകൾ ഇറക്കിയ ഉടനെയാണ് എഐടിയുസി തൊഴിലാളികള്‍ എത്തി ബഹളമുണ്ടാക്കിയത്. ഇറക്കിയ ലോഡ് ഒന്നിനു 2000 രൂപവീതം നല്‍കണമെന്ന് ആവശ്യപ്പെട്ടു. വെറുതെ നോക്കിനിന്നതിനു പണം നൽകാനാവില്ലെന്നു കരാറുകാരന്‍ പറഞ്ഞതോടെ പണിനിര്‍ത്താന്‍ തൊഴിലാളികൾ ആവശ്യപ്പെട്ടു.

എന്നാല്‍ തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും എല്ലാ ട്രേഡ് യൂണിയനുകളും അവകാശപ്പെട്ട പണം വാങ്ങുന്നുണ്ടെന്നും എഐടിയുസി ജില്ലാ സെക്രട്ടറി പറഞ്ഞു. ഭീഷണിയെത്തുടര്‍ന്നു കരാറെടുത്ത കമ്പനി പണിനിര്‍ത്തിവച്ചിരിക്കുകയാണ്.