കോഴിക്കോട് ∙ റോഡ് പദ്ധതികൾക്കായി കേരളത്തിനു ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ പുകഴ്ത്തി മന്ത്രി ജി. സുധാകരൻ. കണ്ണൂർ റോഡിലെ കോരപ്പുഴപ്പാലം പൊളിച്ചുപണിയുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
30 വർഷംകൊണ്ടു ലഭിച്ചതിനേക്കാൾ കൂടുതൽ തുക കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കേന്ദ്രത്തിൽനിന്ന് ഗഡ്കരി അനുവദിച്ചു. അത് തുറന്നുപറയുന്നതിൽ മടിയില്ല. ഭരണഘടന അനുസരിച്ചു പ്രവർത്തിക്കുന്നിടത്തോളം കേന്ദ്രസർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾ നല്ലതാണെന്നു പറയാനാകും. എന്നാൽ റെയിൽവേ മന്ത്രി കേരളത്തോടു നിഷേധാത്മകമായ നിലപാടാണു സ്വീകരിക്കുന്നത്.
ട്രെയിനും പാളവും നൽകാത്ത അവസ്ഥയാണ്. ദേശീയ പാത നിർമാണത്തിൽ കേരളത്തിന്റെ വേഗം കൈവരിക്കാൻ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മൂരാട് പാലം പൊളിച്ചുപണിയുന്നതിനു ദേശീയ പാത അതോറിറ്റിയുമായി ബന്ധപ്പെട്ട നടപടികൾ നീങ്ങുന്നുണ്ടെന്നും എന്നാൽ പാലോളി പാലത്തിന്റെ കാര്യത്തിൽ പുരോഗതിയില്ലെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് ബൈപാസിനുവേണ്ടി ഒരു ജനപ്രതിനിധി ബാംഗ്ലൂരിൽ പോയി കേന്ദ്ര ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. സംസ്ഥാന സർക്കാരും മന്ത്രിയുമെല്ലാം പദ്ധതിക്കായി പ്രവർത്തിക്കുന്നുണ്ട്. പദ്ധതി യുഎൽസിസിഎസിനെ ഏൽപിക്കാനാണെങ്കിൽ അവരുടെ ഓഫിസ് കോഴിക്കോട്ടാണെന്നും സുധാകരൻ പറഞ്ഞു.