Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ല; വിവാദം ടിവിയില്‍ വരാന്‍ വേണ്ടി: ജി.സുധാകരന്‍

g-sudhakaran-women-wall ജി.സുധാകരൻ(ഇടത്)

ആലപ്പുഴ∙ വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്നു മന്ത്രി ജി.സുധാകരന്‍. കുടുംബശ്രീക്കാര്‍ അടക്കം പണം പിരിച്ചാണു വരുന്നത്. പങ്കെടുക്കാന്‍ വരുന്നവര്‍ ചെലവിനായി പണം പിരിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. ചില സ്ഥലത്ത് ടിവിയില്‍ വരാന്‍ വേണ്ടി ഏതാനും സ്ത്രീകള്‍ സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വനിതാ മതിലിനു പണം പിരിച്ച ബാങ്ക് ജീവനക്കാരനെ ഒഴിവാക്കി

വനിതാ മതിലിനു ക്ഷേമപെൻഷൻകാരിൽനിന്നു പണം പിരിച്ച ബാങ്ക് ജീവനക്കാരനെ പാലക്കാട് ഒറ്റപ്പാലത്ത് ജോലിയിൽനിന്ന് ഒഴിവാക്കി. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ 12 ക്ഷേമപെൻഷൻകാർ നൽകിയ മൊഴിയാണു നിർണായകമായത്. ഒറ്റപ്പാലം കണ്ണിയംപുറം മേഖലയിൽ ക്ഷേമപെൻഷൻകാരിൽനിന്നു പണം പിരിച്ചെന്ന പരാതിയിൽ സഹകരണവകുപ്പ് അസിസ്റ്റന്റ് റജിസ്ട്രാർ ഒറ്റപ്പാലം സർവീസ് സഹകരണ ബാങ്കിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു ബാങ്ക് ഭരണസമിതി നൽകിയ മറുപടിയിലാണു ജീവനക്കാരനെതിരെയുള്ള നടപടി ബാങ്ക് വ്യക്തമാക്കിയത്. ക്ഷേമപെൻഷൻ വീടുകളിലെത്തിക്കാൻ ബാങ്ക് ചുമതലപ്പെടുത്തിയ താൽക്കാലിക ജീവനക്കാരനെ ജോലിയിൽനിന്ന് ഒഴിവാക്കിയെന്നാണ് അസിസ്റ്റന്റ് റജിസ്ട്രാർ സി. വിമലയ്ക്കു രേഖാമൂലം ലഭിച്ച റിപ്പോർട്ട്.

കണ്ണിയംപുറം കിള്ളിക്കാവ് പ്രദേശത്തെ 12 വീടുകളിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടു നടത്തിയ അന്വേഷണത്തിൽ പെൻഷൻകാർ നൽകിയ മൊഴിയാണ് നിർണായകമായത്. നിർധനരും രോഗികളുമായ ക്ഷേമപെൻഷൻകാർക്കു കൂപ്പൺ പോലും നൽകാതെ പെൻഷനിൽനിന്നു പണം ഈടാക്കിയെന്നു തെളിഞ്ഞിരുന്നു. രണ്ടാഴ്ച മുൻപു പെൻഷൻകാർ നഗരസഭാ കൗൺസിലർ രൂപ ഉണ്ണിക്കു നൽകിയ പരാതിയിലാണു സഹകരണ വകുപ്പ് അന്വേഷണം നടത്തിയത്.

അതേസമയം, പാലക്കാട് ജില്ലയിലുടനീളം കൂപ്പൺ നൽകിയും ഇല്ലാതെയും പണപ്പിരിവു തുടരുകയാണ്. പണം പിരിക്കുന്നില്ലെന്നു വരുത്താനാണ് ഇപ്പോഴും ശ്രമം. സമ്മർദത്തിലൂടെ പരാതികൾ ഇല്ലാതാക്കി സഹകരണ വകുപ്പിന്റെ അന്വേഷണം അട്ടിമറിക്കാനും നീക്കമുണ്ട്.

related stories