ഐടിസി ‘ചതിച്ചു’; 30 മിനിറ്റിനുള്ളിൽ എൽഐസിയ്ക്കു നഷ്ടം 7000 കോടി

മുംബൈ ∙ പ്രമുഖ സിഗരറ്റ് നിർമാണ കമ്പനിയായ ഐടിസിയുടെ ഷെയറുകൾക്കുണ്ടായ വൻവീഴ്ചയിൽ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഒാഫ് ഇന്ത്യ (എൽഐസി)യ്ക്ക് ഒാഹരി വിപണിയിൽ അരമണിക്കൂറിനുള്ളിലുണ്ടായത് 7000 കോടി രൂപയുടെ നഷ്ടം. 2017 ജൂൺ 30ലെ കണക്കു പ്രകാരം ഐടിസിയുടെ 16.29 ശതമാനം ഒാഹരികളാണ് എൽഐസിയ്ക്കുള്ളത്. രാവിലെ 15 ശതമാനം കുറവാണ് ഐടിസിയുടെ ഷെയറുകൾക്കുണ്ടായത്. ഇതോടെയാണ് വിപണി ആരംഭിച്ച് അരമണിക്കൂറിനുള്ളിൽ എൽഐസിയ്ക്ക് 7000 കോടിരൂപയുടെ നഷ്ടമുണ്ടാകാൻ കാരണം.

ചരക്ക്, സേവന നികുതി (ജിഎസ്ടി) യിൽ സിഗററ്റിനു ബാധകമാക്കിയിരുന്ന അധിക നികുതി ഉയർത്തിയതാണ് ഐടിസിയുടെ നഷ്ടത്തിനുകാരണം. 28% നികുതിയും അതിന്മേൽ 5% പ്രത്യേക സെസും 1000 സിഗററ്റിന് നിശ്ചിത ഫിക്സ്ഡ് സെസുമായിരുന്നു തിങ്കളാഴ്ച വരെ. സിഗററ്റിന്റെ നീളമനുസരിച്ച് ഫിക്സ്ഡ് സെസ് 2126 രൂപ മുതൽ 4170 രൂപ വരെയായിരുന്നു. ഇതിൽ 485 രൂപ മുതൽ 792 രൂപ വരെ വർധന വരുത്തിയാണു പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്.

ഐടിസിയുടെ ഒാഹരി വില ഇടിഞ്ഞതിനെ തുടർന്ന് എൽഐസി ഉൾപ്പെടെ രാജ്യത്തെ മൊത്തം ഇൻഷുറൻസ് കമ്പനികൾക്കുണ്ടായ നഷ്ടം 10,000 കോടി കവിയുമെന്നാണ് നിരീക്ഷണം. നാലുവർഷം മുൻപ് ഐടിസിയുടെ 12.63 ശതമാനം ഒാഹരികളായിരുന്നു എൽഐസിയ്ക്ക് 2016ൽ ഇത് 14.34 ആയി. 2017ൽ 16.29 ശതമാനവും. 20 വർഷത്തിനിടെ ഐടിസിയുടെ ഒാഹരിക്ക് ഉണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇന്നുണ്ടായത്.

ഒാഹരിയിൽ നിക്ഷേപിക്കുന്നവർ ഗുണമേൻമ, സ്ഥിരത, വളർച്ച എന്നീ മൂന്നു കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. കഴിഞ്ഞ ദിവസത്തെ നടപടിയിലൂടെ സിഗരറ്റിന്റെ കാര്യത്തിലുണ്ടായിരുന്ന സ്ഥിരത ഇല്ലാതായിരിക്കുകയാണ്. ഇതാകും നിക്ഷേപകരെ പിന്നോട്ട് വലിക്കുന്നതെന്നും വിദ്ഗ്ധർ പറഞ്ഞു.