Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ശാന്തി’ക്കൊരു പോളിസി

Insurance policy

പെ‍ൻഷനില്ലാത്തവരുടെ ടെ‍ൻഷൻ പറഞ്ഞറിയിക്കാനാവില്ല. ചികിൽസയ്ക്കുപോലും ആവശ്യത്തിനു വരുമാനമില്ലാതെ വന്നേക്കാം. സംഘടിത മേഖലകളിലും പെൻഷൻ പണ്ടത്തെപ്പോലെ ഉറപ്പിക്കാനാകാത്ത സ്ഥിതിയുള്ളതിനാൽ പെൻഷൻ പദ്ധതികൾ നിർബന്ധമാകുന്നു. ഇൻഷുറൻസ് കമ്പനികളുടെ പെൻഷൻ പദ്ധതികൾ ഇക്കൂട്ടത്തിൽ ശ്രദ്ധേയമാണ്.

പൊതുമേഖലാ സ്ഥാപനമായ എൽഐസി ഈയിടെ അവതരിപ്പിച്ച പെൻഷൻ പദ്ധതിയാണു ‘ജീവൻ ശാന്തി’. ഒറ്റത്തവണ പ്രീമിയം അടയ്ക്കേണ്ടുന്ന പദ്ധതിയാണിത്. തൊട്ടടുത്ത മാസം മുതലോ നിശ്ചിത കാലാവധിക്കുശേഷമോ പെൻഷൻ കിട്ടുന്ന രീതി തിരഞ്ഞെടുക്കാം.

സാധാരണ പോളിസികളിൽ ഭർത്താവ്, ഭാര്യ, മക്കൾ എന്നീ കുടുംബാഗങ്ങൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ ഇതിൽ വിപുലമാക്കിയിട്ടുണ്ട്. ഒറ്റയ്ക്കോ രണ്ടുപേരുടെ പേരിലോ എടുക്കാമെന്ന വ്യവസ്ഥയിൽ ഭർത്താവ്, ഭാര്യ, മക്കൾ, കൊച്ചുമക്കൾ, സഹോദരങ്ങൾ, മാതാപിതാക്കൾ, അവരുടെ മാതാപിതാക്കൾ എന്നിങ്ങനെ അടുത്ത ബന്ധുക്കളിലാരുമാകാം പങ്കാളി. കുടുംബത്തിലെ ഭിന്നശേഷിയുള്ളയാൾക്കു സ്ഥിരവരുമാനം ഉറപ്പാക്കാൻ ആ അംഗത്തെ പോളിസിയിലെ പങ്കാളിയാക്കാനാവും.
മരണാനന്തരാനുകൂല്യം അവകാശികൾക്കു നൽകേണ്ടതില്ലെന്നു തീരുമാനിച്ചാൽ പെൻഷൻ തുക കൂടുതൽ കിട്ടും. മരണാനന്തരാനുകൂല്യം അവകാശികൾക്കു നൽകുന്നതു തന്നെ, തവണകളായോ ഒറ്റത്തവണയായോ ഒക്കെ ആകാം. ഈ രീതിയിലുള്ള ഫ്ലെക്സിബിലിറ്റി ഈ പോളിസിയുടെ പ്രത്യേകതയാണ്. പോളിസിയെടുത്ത് അടുത്ത മാസം മുതൽ പെൻഷൻ കിട്ടിത്തുടങ്ങുന്ന രീതിയിൽപ്പോലും 10 വ്യത്യസ്ത ഓപ്ഷനുകളിൽ ഭാവിയിലെ പണലഭ്യത ക്രമീകരിക്കാം. ഭാവിയിൽ എത്രയാണു പെൻഷൻ ആയി കിട്ടുകയെന്നും മരണാനന്തരം അവകാശികൾക്കു കിട്ടുകയെന്നും ഇപ്പോഴേ കൃത്യമായി അറിയാമെന്നത് ജീവൻ ശാന്തിയുടെ ആകർഷണമാണ്. (ബാങ്ക് പലിശകളിലെ ചാഞ്ചാട്ടം ഓർക്കുക).

ഒന്നരലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പ്രീമിയം. ഉയർന്ന പരിധിയില്ല. 30 വയസ്സുമുതൽ 79 വയസ്സുവരെയുള്ളവർക്കു ചേരാം. പരമാവധി 20 വർഷമാണു പെൻഷൻ കിട്ടിത്തുടങ്ങാൻ തിരഞ്ഞെടുക്കാവുന്ന ‘ഡിഫർമെന്റ്’ കാലാവധി. അതേസമയം, 80 വയസ്സിൽ പെൻഷൻ കിട്ടിത്തുടങ്ങിയിരിക്കണം എന്നുമുണ്ട്. അതായത്, 79 വയസ്സിൽ ചേരുന്നയാൾക്ക് ഒറ്റ വർഷമേ ‘പെൻഷൻ വാങ്ങൽ‌’ വൈകിക്കാനാകൂ. പെൻഷൻ വാങ്ങൽ പ്രതിമാസം, 3 മാസത്തിലൊരിക്കൽ, 6 മാസത്തിലൊരിക്കൽ, വർഷത്തിലൊരിക്കൽ എന്നിങ്ങനെ തിരഞ്ഞെടുക്കാം.

നിശ്ചിതകാലാവധിക്കുശേഷം പെൻഷൻ കിട്ടുന്ന രീതിയായാൽ ഓരോ മാസവും നിശ്ചിത ശതമാനം ഗാരന്റീഡ് അഡിഷനായി കൂട്ടിച്ചേർക്കപ്പെടും. ഇത് പോളിസിയുടമ മരണമടഞ്ഞാൽ അവകാശിക്ക്, ആദ്യനിക്ഷേപത്തുകയ്ക്കൊപ്പം ലഭിക്കും. 30 വയസ്സുള്ളയാൾ 20 വർഷം കഴിഞ്ഞു പെൻഷൻ കിട്ടുന്ന രീതിയിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ, ഇരുപതാം വർഷം ‘ഡെത്ത് കവർ’ 51 ലക്ഷം രൂപയായിരിക്കുമെന്ന് എൽഐസി പറയുന്നു. ഉടൻ പെൻഷൻ കിട്ടിത്തുടങ്ങുന്ന ‘ഇമിഡീയറ്റ് ആന്വിറ്റി’ രീതിയിൽ ഗാരന്റീഡ് അഡിഷൻ ഇല്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം പെൻഷൻ നൽകുക എന്ന രീതിയാകയാൽ ‘സർവൈവൽ ബെനിഫിറ്റ്’ ഇല്ല. ഏറ്റവും കുറഞ്ഞ പെന്‍ഷൻ തുക പ്രതിമാസം 1000 രൂപ (വർഷം 12000 രൂപ) കിട്ടുന്ന രീതിയിലാണു മിനിമം നിക്ഷേപത്തുകയും ഡിഫർമെന്റ് കാലവും നിശ്ചയിച്ചിരിക്കുന്നത്.

പ്രഫഷനലുകൾക്കും ശമ്പള വരുമാനക്കാർക്കും മാത്രമല്ല, ബിസിനസുകാർക്കും നാട്ടിലേക്ക് തിരികെ വരാൻ ആലോചിക്കുന്ന പ്രവാസികൾക്കുമൊക്കെ ഭാവിയിൽ പെൻഷൻ രൂപത്തിൽ സ്ഥിരവരുമാനമു‌റപ്പാക്കാൻ ജീവൻശാന്തി ഉപകരിക്കും. ഒരാൾക്ക് ഒന്നിലേറെ ജീവൻശാന്തികളെടുക്കാം. നാഷനൽ പെൻഷൻ സ്കീമിൽനിന്നു കിട്ടുന്ന തുക നിക്ഷേപിക്കാവുന്ന പദ്ധതികളില്‍ ജീവൻ ശാന്തിയും ഉൾപ്പെടും. ആ സാഹചര്യത്തിൽ മിനിമം നിക്ഷേപത്തുകയിൽ ഇളവുമുണ്ട്. പെൻഷൻ തുക, ആളുടെ ആദായനികുതി ബാധകമായ വരുമാനമായി കൂട്ടും. നികുതി ബാധ്യത കൂടി കണക്കാക്കിവേണം എന്നു മുതൽ പെൻഷൻ വേണമെന്നു തീരുമാനിക്കാൻ. പോളിസിയിൽ വായ്പ ലഭ്യമാണ്. എന്നാൽ മറ്റു സ്ഥാപനങ്ങളിൽ ജാമ്യത്തിന് (ഉദാഹരണം– ചിട്ടി പിടിക്കാൻ) ‘ജീവൻ ശാന്തി’ ഉപയോഗിക്കാനാവില്ല.