അഞ്ച് കോടിയുടെ അഴിമതി സ്ഥിരീകരിച്ച് ബിജെപി; എം.ടി. രമേശിനെക്കുറിച്ചും പരാമർശം

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് അനുവദിക്കാൻ സംസ്ഥാന ബിജെപി നേതാക്കൾ കോഴ വാങ്ങിയതായി ബിജെപി അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ഇതു സംബന്ധിച്ച റിപ്പോർട്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനു കൈമാറിയിരുന്നു. ബിജെപിയുടെ സഹകരണ സെൽ കൺവീനർ ആർ.എസ്. വിനോദിന് 5.60 കോടി നൽകിയെന്ന് സമിതിയുടെ അന്വേഷണത്തിൽ കണ്ടെത്തി. വർക്കല എസ്.ആർ. കോളജ് ഉടമ ആർ. ഷാജിയാണ് പണം നൽകിയത്. ഡൽഹിയിലെ സതീഷ് നായർക്ക് തുക കുഴൽപ്പണമായി കൈമാറിയെന്നും മൊഴിയുണ്ട്. അതേസമയം, പരാതിക്കാരന്റെ മൊഴിയിൽ ബിജെപി നേതാവ് എം.ടി. രമേശിനെക്കുറിച്ചും പരാമർശമുണ്ട്.

തലസ്ഥാനത്തെ ഒരു മെഡിക്കൽ കോളജിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാനായി വേണ്ട ഒത്താശ ചെയ്യാമെന്നേറ്റു കോടികൾ വാങ്ങിയെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. പാർട്ടിയുടെ ഒരു സെൽ കൺവീനറുടെ നേതൃത്വത്തിലുളളവരാണ് ഇതു ചെയ്തത്. ഇവരിലൊരാൾക്ക് ഒരു പ്രധാന സംസ്ഥാന ഭാരവാഹിയുമായി അടുത്തബന്ധം ഉണ്ടെന്നു കണ്ടതോടെ എതിർചേരികൾ പടയൊരുക്കം തുടങ്ങുകയായിരുന്നു.

പണം കൊടുത്തെങ്കിലും കാര്യം നടന്നില്ലെന്നു വന്നതോടെ സംരംഭകൻ പാർട്ടി നേതൃത്വത്തിനു പരാതി നൽകി. എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസുമായി സഹകരിക്കുന്ന ഇയാൾ അവരെ ഇക്കാര്യം ധരിപ്പിച്ചതിനെത്തുടർന്ന് ആ നേതൃത്വവും ഇടപെട്ടു. സംസ്ഥാന നേതൃ യോഗത്തിൽ ഇതു ചൂടുപിടിച്ച ചർച്ചയ്ക്കു വഴിയൊരുക്കിയതോടെ നേതാക്കളായ കെ.പി. ശ്രീശൻ, എ.കെ. നസീർ എന്നിവരെ അന്വേഷണ കമ്മിഷനായി നിയോഗിച്ചു. ഇവർ നൽകിയ റിപ്പോർട്ടിലെ കണ്ടെത്തലിലാണ് അഴിമതി സ്ഥിരീകരിച്ചിരിക്കുന്നത്.