മാണിയെ മുന്നണിയിലെടുക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ല: വൈക്കം വിശ്വൻ

കോട്ടയം∙  കെ.എം. മാണിയെ മുന്നണിയിലെടുക്കുന്ന കാര്യം സിപിഎമ്മോ എൽഡിഎഫോ ഇതു വരെ ചർച്ച ചെയ്തിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു. യുഡിഎഫിനോടും ബിജെപിയോടുമുളള കേരള കോൺഗ്രസിന്റെ നിലപാട് അറിഞ്ഞ ശേഷം ബാക്കി തീരുമാനിക്കും. മെഡിക്കൽ കോളേജുകൾക്ക് അനുമതി വാങ്ങി നൽകാമെന്നു പറഞ്ഞ് കോടികൾ ബിജെപി നേതാക്കൾ കൈക്കൂലി വാങ്ങിയതിനെക്കുറിച്ചു പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ നേതാക്കൾക്കു പുറമേ കേന്ദ്ര നേതാക്കൾക്കും അഴിമതിയിൽ പങ്കുണ്ട്. ബിജെപിയുടെ കേന്ദ്ര നേതാക്കൾക്കു കേരളത്തിലെ നേതാക്കൾ കൈക്കൂലി വാങ്ങിയതായി വിവരം ലഭിച്ചിട്ടു മാസങ്ങളായി. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണു സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഇതേപ്പറ്റി അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്. എന്നാൽ ഈ കാര്യങ്ങളെല്ലാം കുമ്മനം രാജശേഖരനും മറ്റു നേതാക്കളും മറച്ചു പിടിക്കുകയാണ്. ആരോപണ വിധേയനായ ബിജെപി നേതാവ് എം.ടി രമേശ് മുഖം നഷ്ടപ്പെട്ട് വീണിടത്ത് കിടന്നുരുളുകയാണെന്നും വൈക്കം വിശ്വൻ കൂട്ടിച്ചേർത്തു.