ബിജെപിയുടെ മെഡിക്കൽ കോഴ: സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല

തൊടുപുഴ∙ മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപി നേതാക്കൾ വാങ്ങിയെന്ന കോഴ വിവാദത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന‍ സർക്കാർ ആരംഭിച്ചിട്ടുള്ള വിജിലൻസ് അന്വേഷണം പര്യാപ്തമല്ലെന്നും ചെന്നിത്തല തൊടുപുഴയിൽ മാധ്യമ‌ങ്ങളോടു പറഞ്ഞു.

തോട്ടങ്ങൾ ഏറ്റെടുക്കുന്നതിലെ സിപിഎം–സിപിഐ വിരുദ്ധ നിലപാടുകൾ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയാണ്. ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ കഴിയാത്ത ഇടതുസർക്കാർ ദുർബലമാണ്. മൂന്നാർ സബ് കലക്ടർ വി. ശ്രീറാമിനെ മാറ്റിയ ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കാശിക്കു പോയിരിക്കുകയാണോ. സിപിഐയുടെ നിലപാടുകളിൽ സ്ഥിരതയില്ല. എ.വിൻസന്റ് എംഎൽഎയ്ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ഇടുക്കി മെഡിക്കൽ കോളജ് അട്ടിമറിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം കോഴ വാങ്ങിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ആരോപിച്ചു. കോഴയുടെ ഒരു ഭാഗം ഇടുക്കി എംപിക്കും കിട്ടിയിട്ടുണ്ടോയെന്നു സംശയിക്കുന്നു. ഇപ്പോൾ പുറത്തുവന്ന കോഴ ആരോപണത്തിൽ സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ ഇതും ഉൾപ്പെടുത്തണം. കേന്ദ്ര ഭരണത്തെ ബിജെപി സംസ്ഥാന നേതൃത്വം ദുരുപയോഗം ചെയ്തെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.