കോഴ വിവാദം ഉന്നയിച്ച സമ്പത്ത് എംപിയുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു

ബിജെപി കോഴ വിഷയം ലോക്സഭയിൽ ഉന്നയിക്കാൻ ശ്രമിക്കുന്ന എ. സമ്പത്ത് എംപി

ന്യൂഡൽഹി ∙ കേരളത്തിലെ ബിജെപി നേതാക്കള്‍‍ക്കെതിരായ മെഡിക്കല്‍ കോളജ് കോഴ ആരോപണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. കേരളത്തില്‍ നിന്നുള്ള ഇടതു– വലത് എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. വിഷയം സഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ച എ.സമ്പത്ത് എംപിയെ സ്പീക്കര്‍ ഇടപെട്ടു തടഞ്ഞു.

മെഡിക്കല്‍ കോളജ് കോഴ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഇടതു–കോണ്‍ഗ്രസ് എംപിമാര്‍ ലോക്സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധം നടത്തി. എം.ബി. രാജേഷ് എംപി അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. തുടര്‍ന്ന് എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന ഘടകത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി സമ്പത്ത് എംപി വിഷയം ഉന്നയിച്ചെങ്കിലും സ്പീക്കര്‍ ഇടപെട്ട് മൈക്ക് ഓഫ് ചെയ്തു.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സഭയിലുണ്ടായിരുന്നെങ്കിലും പ്രതിഷേധത്തിനു മറുപടി പറഞ്ഞില്ല. ത്രിപുര, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചില എംപിമാരും കേരളത്തിലെ എംപിമാര്‍ക്കൊപ്പം പ്രതിഷേധിച്ചു. എന്നാല്‍, കേരള കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസിലെ ശശി തരൂര്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാതെ സഭാ നടപടികള്‍ക്കൊപ്പം സഹകരിച്ചത് ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയായി.