ഇന്ത്യയിലെ ചൈന–പാക്ക് പ്രതിനിധികളുടെ കൂടിക്കാഴ്ച; ദോക് ലാ വിഷയമായെന്നു സൂചന

ലുവോ സഹോഹുയ്, അബ്ദുൽ ബാസിത്

ന്യൂഡൽഹി∙ സിക്കിം അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യയ്ക്ക് ആശങ്കയുണർത്തി പാക്കിസ്ഥാൻ ഹൈക്കമ്മിഷണർ അബ്ദുൽ ബാസിതും ഇന്ത്യയിലെ ചൈനീസ് അംബാസഡർ ലുവോ സഹോഹുയിയും കൂടിക്കാഴ്ച നടത്തി. ദോക് ലായിൽ സംഘർഷം അവസാനിക്കാത്ത സാഹചര്യത്തിൽ, ഈ കൂടിക്കാഴ്ചയെ സംശയത്തോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. കൂടാതെ, ഇന്ത്യയിലെ ഭൂട്ടാനീസ് അംബാസഡർ വെട്സോപ് നാംങ്ഗേലിനെ കാണുന്നതിനും ബാസിത് സമയം തേടിയിട്ടുണ്ട്.

ചൈനയുടെ റോഡ് നിർമാണം തടഞ്ഞ ഇന്ത്യയുടെ നടപടി ചർച്ചയിൽ വിഷയമായെന്നാണു വിവരം. ഇരുരാജ്യങ്ങളുമായി ചർ‌ച്ച നടത്തുന്നതിനു ഭൂട്ടാൻ തയാറാണെന്നാണു കരുതുന്നത്. ഇന്ത്യയിലെ സേവന കാലാവധി അവസാനിച്ചതിനെ തുടർന്നു വരുന്നമാ സം ബാസിത് പാക്കിസ്ഥാനിലേക്കു തിരിച്ചുപോകും. അതിനുമുൻപായി അതിർത്തി തർക്കത്തിൽ ഒത്തുതീർപ്പ് ഉണ്ടാക്കുന്നതിനാണു നീക്കം.

ചൈന – ഭൂട്ടാൻ വിഷയത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് ഇന്ത്യയാണെന്ന നിലപാടിലാണു ചൈന. രാജ്യാന്തര സമൂഹത്തിനു മുന്നിൽ ഇക്കാര്യം ഉയർത്തിക്കാട്ടുന്നതിനും അവർ ശ്രമിക്കുന്നുണ്ട്. ഭൂട്ടാൻ സഹായം അഭ്യർഥിച്ചതിനാലാണ് അതിർത്തി പ്രശ്നത്തിൽ ഇടപെട്ടതെന്ന ഇന്ത്യയുടെ നിലപാടിനോട്, അത്തരത്തിൽ പാക്കിസ്ഥാൻ അഭ്യർഥിച്ചാൽ കശ്മീർ പ്രശ്നത്തിലിടപെടാൻ ചൈന തയാറാണെന്നും ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ടു ചെയ്തിരുന്നു.

ദോക് ലായിൽ ജൂൺ 16ന് തുടങ്ങിയ സംഘർഷം തുടരുന്ന സാഹചര്യമാണു നിലവിലുള്ളത്. മേഖലയിൽനിന്ന് ഇന്ത്യൻ സേന പിൻവാങ്ങാതെ പ്രശ്നപരിഹാരമുണ്ടാകില്ലെന്നാണ് ചൈനയുടെ നിലപാട്. എന്നാൽ രാജ്യസുരക്ഷയ്ക്കു ഭീഷണിയായ റോഡ് നിർമാണം ചൈന നിർത്തണമെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.