മൊഴി മാറ്റി പൊലീസിനെ കുഴക്കി അഭിഭാഷകൻ; ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെത്താനായില്ല

കൊച്ചി ∙ നടിയെ അപകീർത്തിപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ കേസിൽ തൊണ്ടി മുതലായ മൊബൈൽ ഫോൺ വിഐപി ഏറ്റുവാങ്ങിയെന്നു പറഞ്ഞ അഭിഭാഷകൻ പരസ്പര വിരുദ്ധമായ മൊഴികൾ നൽകുന്നു. മൊബൈൽ ഫോൺ ഒളിപ്പിച്ച കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്ത അഡ്വ. പ്രതീഷ് ചാക്കോയാണു പൊലീസിനെ കുഴക്കുന്നത്.

മൊബൈൽ ഫോൺ ജൂനിയർ അഭിഭാഷകനെ ഏൽപിച്ചതായി ആദ്യം മൊഴി നൽകിയ പ്രതീഷ് പിന്നീടു മൊബൈൽ നശിപ്പിച്ചിട്ടുണ്ടാവാമെന്നും പറഞ്ഞു. പൊലീസിന്റെ പിടിയിൽ അകപ്പെടാതെ കോടതിയിൽ കീഴടങ്ങാൻ പ്രതി സുനിൽകുമാർ (പൾസർ സുനി) അഭയം തേടിയതു പ്രതീഷ് ചാക്കോയുടെ ഓഫിസിലാണ്.

കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ തൊണ്ടി മൊബൈൽ ഗോശ്രീ പാലത്തിൽ‌ നിന്നു കായലിലേക്ക് എറിഞ്ഞതായി മൊഴി നൽകി അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ സുനിലിനോടു നിർദേശിച്ചതു പ്രതീഷ് ചാക്കോയാണ്. കീഴടങ്ങാനെത്തി പൊലീസിന്റെ പിടിയിലായ ശേഷവും സുനിലുമായി പ്രതീഷ് സംസാരിച്ചിരുന്നു.

പ്രതിയുടെ ബാഗും വസ്ത്രങ്ങളും വക്കീൽ ഓഫിസ് പരിശോധിച്ചു പൊലീസ് പിടിച്ചെടുത്തിരുന്നു. നിയമ സഹായത്തിനപ്പുറം പ്രതിയുടെ കുറ്റകൃത്യം മറയ്ക്കാനുള്ള സഹകരണം അഭിഭാഷകൻ നൽകിയതിനെ തുടർന്നായിരുന്നു പൊലീസിന്റെ നടപടി. ഇക്കാര്യങ്ങൾ പൊലീസ് കോടതിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.

അഭിഭാഷക വേഷത്തിൽ പ്രതികളെ കോടതിയിലേക്ക് ഒളിപ്പിച്ചു കൊണ്ടുവന്നുവെന്ന ആരോപണവും പ്രതീഷിനെതിരെ ഉയർന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നു പ്രതീഷും ജൂനിയർ അഭിഭാഷകരും പൊലീസിനെ തടഞ്ഞതായും പരാതിയുണ്ടായി. ഇതോടെയാണു നടിയെ ഉപദ്രവിച്ച കേസിലെ പ്രതികളുടെ വക്കാലത്ത് പ്രതീഷ് ഒഴിഞ്ഞത്.

കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അന്വേഷണ സംഘത്തിനു കൈമാറുമെന്ന ഉറപ്പിലാണു ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ഇയാൾക്കെതിരെ പൊലീസ് ചുമത്തിയത്. എന്നാൽ, കേസിലെ പ്രധാന കണ്ണിയെ സംരക്ഷിക്കുന്ന നിലപാടിൽ അഭിഭാഷകൻ ഉറച്ചു നിന്നാൽ ഗൂഢാലോചന, തൊണ്ടി നശിപ്പിക്കൽ, പ്രതികളെ സംരക്ഷിക്കൽ തുടങ്ങിയ ഗൗരവമുള്ള വകുപ്പുകളും ചുമത്തുമെന്ന നിലപാടിലാണു പൊലീസ്.