ചൈനയും യുഎസും സ്വന്തം കാര്യം നോക്കിയാൽ മതി: മെഹബൂബ

ന്യൂഡൽഹി ∙ കശ്മീർ പ്രശ്നപരിഹാരത്തിന് മൂന്നാമതൊരു കക്ഷി മധ്യസ്ഥത വഹിക്കണമെന്ന നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫ്റൂഖ് അബ്ദുല്ലയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. മൂന്നാമതൊരു കക്ഷിയെ ഇടപെടാൻ അനുവദിച്ചാൽ യുഎസ് ഇടപെടലിനു ശേഷമുള്ള അഫ്ഗാനിസ്ഥാനും സിറിയയും പോലെയാകും കശ്മീരെന്നും മെഹബൂബ മുന്നറിയിപ്പു നൽകി.

ചൈനയും അമേരിക്കയും അവരുടെ കാര്യങ്ങൾ നോക്കിയാൽ മതി. ഇവർ ഇടപെട്ട അഫ്ഗാൻ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളുടെ അവസ്ഥ എന്താണെന്ന് എല്ലാവർക്കും അറിയാം – മെഹബൂബ പറഞ്ഞു. ഫാറൂഖ് അബ്‍ദുല്ലയ്ക്ക് ഈ രാജ്യങ്ങളിലെ അവസ്ഥ എന്താണെന്ന് അറിയില്ലേ? അത്തരം അവസ്ഥ കശ്മീരിലും വരണമെന്നാണോ അദ്ദേഹം ആഗ്രഹിക്കുന്നത്? കശ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കാൻ സാധിക്കൂവെന്നും മെഹബൂബ പറഞ്ഞു. ഇതേ അഭിപ്രായമാണ് വാജ്പേയി പോലും പ്രകടിപ്പിച്ചിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.

കശ്മീർ പ്രശ്നം പരിഹരിക്കാൻ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ ചൈനയെയോ യുഎസിനെയോ പോലെയുള്ള മധ്യസ്ഥർ വേണമെന്നായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ നിലപാട്. ഇന്ത്യയ്ക്ക് ലോകം മുഴുവൻ സഖ്യരാജ്യങ്ങളുണ്ട്. അവരെ മധ്യസ്ഥരാക്കണമെന്നും എൻസി നേതാവ് പറ‍ഞ്ഞിരുന്നു.