വനിതാ ക്രിക്കറ്റ് ഫൈനല്‍: കയ്യകലത്തിൽ ഇന്ത്യയുടെ സ്വപ്നകിരീടം വീണുടഞ്ഞു

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടിയ ഇംഗ്ലണ്ട് ടീമിന്റെ വിജയാഹ്ലാദം. ചിത്രം: ട്വിറ്റർ

ലണ്ടൻ ∙ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കന്നിക്കിരീടം ലക്ഷ്യമിട്ട ഇന്ത്യയുടെ സ്വപ്നങ്ങൾ കയ്യകലത്തിൽ വീണുടഞ്ഞു. ലോർഡ്സിൽ ആതിഥേയരായ ഇംഗ്ലണ്ട് ഒൻപത് റൺസിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് 48.4 ഓവറിൽ 219 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി.

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ– ഇംഗ്ലണ്ട് മൽസരത്തിൽനിന്ന്. ചിത്രം: ട്വിറ്റർ

ഇംഗ്ലണ്ടിന്റെ പരിചയ സമ്പത്തിനു മുൻപിൽ ഇന്ത്യ പൊരുതിത്തോറ്റു എന്നുപറയാം. ഇംഗ്ലണ്ടിന്റെ നാലാം ലോകകപ്പ് വിജയമാണിത്. പൂനം റാവത്തിന്റെ മടക്കത്തോടെ തുടർച്ചയായി വിക്കറ്റുകൾ വീണതും അവസാന ഓവറുകളിലെ സമ്മർദ്ദം താങ്ങാൻ കഴിയാത്തതും ഇന്ത്യയ്ക്ക് വിനയായി. 1983ല്‍ കപില്‍ ദേവിനു ശേഷം മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിശ്വവിജയത്തിനായി ഒരുങ്ങിയെങ്കിലും ആ സ്വപ്നം സഫലീകരിക്കാനായില്ല. ഇന്ത്യ രണ്ടാം തവണയാണ് ഫൈനലിൽ തോൽക്കുന്നത്. 2005ലെ ലോകകപ്പ് ഫൈനലി‍ൽ‌ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ പെൺപടയെ തോൽപ്പിച്ചത്.

ഫൈനലിനു മുന്നോടിയായി ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ക്യാപ്റ്റൻമാർ കിരീടവുമായി.

ടൂർണമെന്റിൽ ഒരു തോൽവി മാത്രം വഴങ്ങിയ ഇന്ത്യ, കിരീടം നേടുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു കായികപ്രേമികൾ. എന്നാൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീം തുടക്കത്തിലേ പതറിപ്പോയി. ഓപ്പണർ സ്മൃതി മന്ദാന പൂജ്യത്തിന് ഔട്ടായി. 17 റൺസ് മാത്രമെടുത്ത ക്യാപ്റ്റൻ മിതാലി രാജ് റണ്ണൗട്ടായി. പൂനം റാവത്തിന്റെയും ഹർമൻ പ്രീത് കൗറിന്റെയും രക്ഷാപ്രവർത്തനമാണ് കളിയിലേക്ക് തിരികെ എത്തിച്ചത്.

അർധ സെഞ്ചുറി നേടിയതിനു തൊട്ടുപിന്നാലെ 51 റൺസെടുത്ത ഹർമൻ പ്രീത് കൗറിനെ ഇന്ത്യയ്ക്ക് നഷ്ടമായി. പൂനം റാവത്ത് അസാധാരണ മികവോടെ ബാറ്റു വീശിയപ്പോൾ ഒരു ഘട്ടത്തിൽ ‍ഇന്ത്യ വിജയം മണത്തു. 86 റൺസെടുത്ത പൂനം റാവത്തിനെ നഷ്ടമായതോടെ ജയിക്കാമായിരുന്ന കളിയിൽ ഇന്ത്യ പ്രതിരോധത്തിലായി.

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ– ഇംഗ്ലണ്ട് മൽസരത്തിൽനിന്ന്. ചിത്രം: ട്വിറ്റർ

ഒരു ഘട്ടത്തിൽ ആറിന് 200 എന്നതായിരുന്നു ഇന്ത്യയുടെ സ്കോർ. വിജയമുറപ്പിച്ച ഈനിലയിൽനിന്നാണ് 19 റൺസിനിടെ ഇന്ത്യ തരിപ്പണമായത്. ജുലന്‍ ഗോസ്വാമി, സുഷ്മ വര്‍മ, ശിഖ പാണ്ഡെ, ദീപ്തി ശർമ തുടങ്ങിയവർ വന്നപോലെതന്നെ മടങ്ങിയതു ടീമിനെ നിരാശയിലാക്കി.

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടിയ ഇംഗ്ലണ്ട് ടീമിന്റെ വിജയാഹ്ലാദം. ചിത്രം: ട്വിറ്റർ

23 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജുലൻ ഗോസ്വാമിയാണ് ഇന്ത്യയുടെ ബോളിങ് ആക്രമങ്ങൾക്കു ചുക്കാൻ പിടിച്ചത്. പൂനം യാദവ് രണ്ടും രാജേശ്വരി ഗെയ്ക‍്‍വാദ് ഒരു വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ട് നിരയിൽ സിവർ, ബ്രണ്ട്, ടെയ്‍ലർ എന്നിവർ മികച്ച സ്കോർ സ്വന്തമാക്കി. 68 പന്തിൽനിന്ന് 51 റൺസെടുത്ത സിവറാണ് ടോപ് സ്കോറർ. ടെയ്‍ലർ 45 (62), ബ്രണ്ട് 34 (42) റൺസും നേടി.

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ– ഇംഗ്ലണ്ട് മൽസരത്തിൽനിന്ന്. ചിത്രം: ട്വിറ്റർ