അതിർത്തി ലംഘിച്ചത് ഇന്ത്യ സമ്മതിച്ചുവെന്ന് ചൈനയുടെ അവകാശവാദം

ന്യൂഡൽഹി ∙ ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തേയ്ക്ക് ഇന്ത്യൻ സേന അതിക്രമിച്ചു കടന്നുവെന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ സമ്മതിച്ചുവെന്ന അവകാശവാദവുമായി ചൈന. ശരിയും തെറ്റും ഇപ്പോൾ വ്യക്തമായി. ചൈനീസ് സൈനികർ ഇന്ത്യൻ അതിർത്തിയിലേക്കു കടന്നിട്ടില്ലെന്ന് ഉന്നത ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ തുറന്നു സമ്മതിക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അവകാശപ്പെട്ടു.

ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയാണു മന്ത്രിയുടെ അവകാശവാദം. ചൈനയുടെ അതിർത്തിയിലേക്ക് അതിക്രമിച്ച കയറിയെന്നകാര്യം ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ഇനി അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പരിഹാരം എളുപ്പമാണ്. ഇന്ത്യൻ സൈന്യം പിൻമാറുക– മന്ത്രി വ്യക്തമാക്കി. ‌ഇന്ത്യ–ചൈന അതിർത്തിയിൽ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയവും പറഞ്ഞു. ഒരിക്കലും തെറ്റു പറ്റില്ല. പക്ഷെ, അതിനർഥം അതിർത്തി സംബന്ധിക്കുന്ന കാര്യങ്ങളിലെ പരമാധികാരത്തിൽ ഒത്തുതീർപ്പിനു നിൽക്കുമെന്നല്ല– വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ജൂണ്‍ 16ന് ദോക്‌ ലായിൽ തങ്ങളുടെ റോഡ് നിർമാണം ഇന്ത്യൻ സേന തടഞ്ഞുവെന്നും സൈന്യം അതിർത്തി ലംഘിച്ചുവെന്നുമാണു ചൈനയുടെ ആരോപണം. ഇരുരാജ്യങ്ങളും സേനയെ പിൻവലിച്ചു ചർച്ചയ്ക്കു തയാറാവുകയാണു വേണ്ടതെന്ന ഇന്ത്യൻ നിലപാട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സൈന്യം അതിക്രമിച്ചു കടന്ന മേഖലയിൽ നിന്നും പിൻമാറിയാൽ മാത്രമേ ചർച്ചയ്ക്കുള്ളുവെന്നാണു ചൈനയുടെ നിലപാട്.

ഭൂട്ടാനെപ്പോലൊരു ചെറു രാജ്യത്തിന്റെ പ്രദേശം കയ്യേറി മേഖലയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കാനാണു ചൈനീസ് ശ്രമമെന്നുമുള്ള നിലപാടിലാണ് ഇന്ത്യ. സിക്കിം അതിർത്തിയോടു ചേർന്നുള്ള പ്രദേശത്തു സംഘർഷം തുടങ്ങിയിട്ട് ഒരുമാസമായി. ദോക്‌ ലാ മേഖലയിൽ 150 മീറ്ററോളം ഇരുരാജ്യങ്ങളിലെയും മുന്നൂറോളം പട്ടാളക്കാർ നേർക്കുനേ‍ർ നിൽക്കുകയാണിപ്പോൾ.