ജനനേന്ദ്രിയം മുറിച്ച കേസ്: സ്വാമി ഉപദ്രവിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി ഹൈക്കോടതിയില്‍

കൊച്ചി∙ ജനനേന്ദ്രിയം മുറിച്ച കേസിൽ സ്വാമി ഗംഗേശാനന്ദ തീർഥപാദയെ അനുകൂലിച്ച് പെണ്‍കുട്ടി. സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നു പെണ്‍കുട്ടി ഹൈക്കോടതിയില്‍ പറഞ്ഞു. സ്വാമിക്കെതിരെ ഒന്നും പറ‍ഞ്ഞിട്ടില്ല, മൊഴി പൊലീസ് എഴുതിയുണ്ടാക്കിയതാണെന്നും പെൺകുട്ടി വെളിപ്പെടുത്തി. മജിസ്ട്രേട്ടിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയതു പൊലീസ് ഭീഷണിമൂലമാണെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ, പെണ്‍കുട്ടിയുടെ സത്യവാങ്മൂലം ശരിയല്ലെന്നു പൊലീസ് ഹൈക്കോടതിയില്‍ വാദിച്ചു. ‌കേസില്‍ കക്ഷിചേര്‍ക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

നേരത്തെ, യുവതിക്കെതിരെ അവരുടെ അമ്മയും ഗംഗേശാനന്ദയുടെ അമ്മയും പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തിരുവനന്തപുരം പേട്ട സ്വദേശിനിയായ യുവതിയുടെ പ്രണയബന്ധത്തെ സ്വാമി എതിർത്തതാണ് അക്രമത്തിനു വഴിവെച്ചതെന്നു കാണിച്ചാണു ഗംഗേശാനന്ദയുടെ അമ്മ ഡിജിപിക്ക് പരാതി നൽകിയത്.

കേസിൽ പെൺകുട്ടിയുടെ കാമുകൻ അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡയിലെടുത്തിരുന്നു. അയ്യപ്പദാസ് ആവശ്യപ്പെട്ടതനുസരിച്ചാണു സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നു പെൺകുട്ടി പിന്നീടു മൊഴി നൽകി. കാമുകനായ അയ്യപ്പദാസ് വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നും പെൺകുട്ടി സിഐക്കു പരാതി നൽകിയിട്ടുണ്ട്.