സെൻകുമാറിനെതിരായ കേസ് ബി. സന്ധ്യ അന്വേഷിക്കുമെന്നത് തെറ്റ്: പൊലീസ്

തിരുവനന്തപുരം ∙ കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ പൊലീസ് മുൻമേധാവി ടി.പി. സെൻകുമാർ മോശം പരാമർശം നടത്തിയെന്ന കേസ് എഡിജിപി: ബി. സന്ധ്യ അന്വേഷിക്കുമെന്ന റിപ്പോർട്ടുകൾ തെറ്റെന്ന് പൊലീസ്. പ്രാഥമിക അന്വേഷണം നടത്താൻ ജൂനിയർ ഉദ്യോഗസ്ഥനെയാണ് നിയോഗിച്ചിട്ടുള്ളതെന്നും പൊലീസ് അധികൃതർ അറിയിച്ചു. 

പരാതിയുടെ അടിസ്ഥാനത്തിൽ സെൻകുമാറിനെതിരെ അന്വേഷണം തുടങ്ങിയിരുന്നു. ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിനിടെ, മൊബൈൽ ഫോണിൽ വിളിച്ചയാളോടാണു നടിയെക്കുറിച്ചു സെൻകുമാർ മോശമായ രീതിയിൽ സംസാരിച്ചത്. ഇതിലെ വിവരങ്ങൾ പുറത്തായതോടെ സെൻകുമാറിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.