ദൃശ്യങ്ങളടങ്ങിയ ഫോൺ തമിഴ്നാട്ടിൽ? അഭിഭാഷകനെ പിന്തുടർന്ന് പൊലീസ്

പൾസർ സുനി, അഡ്വ. രാജു ജോസഫ്

തിരുവനന്തപുരം∙ നടിയെ ഉപദ്രവിച്ച കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈൽ ഫോൺ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ അഭിഭാഷകൻ രാജു ജോസഫ് വന്ന വാഹനം  റജിസ്റ്റർ ചെയ്തിരിക്കുന്നത് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ. ബന്ധുവിന്റെ പേരിലാണ് വാഹനം. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തശേഷം ജാമ്യത്തിൽ വിട്ടിരുന്നു. കാറും കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ ഒന്നാംപ്രതി പൾസർ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് രാജു ജോസഫ്.

കാർ ഓടിയതിന്റെ രേഖകൾ പരിശോധിച്ച പൊലീസ് തമിഴ്നാട്ടിലെ ബന്ധങ്ങൾ ചോദിച്ചറിഞ്ഞു. തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ട് തൂത്തുകുടിയിലെ സ്പിക് നഗർ മേഖലയിലും തിരച്ചിൽ നടത്തി. മൊബൈൽ ഫോൺ അവിടേക്ക് കടത്തിയോ എന്നുള്ള കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

നടിയെ തട്ടികൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ ഫോൺ നടൻ ദിലീപിനു കൈമാറാനായി ഏൽപ്പിച്ചത് അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ആണെന്നാണ് ഒന്നാംപ്രതി സുനിയുടെ മൊഴി. ഫോൺ രാജു ജോസഫിന് കൈമാറിയതായും അതു നശിപ്പിച്ചു കളഞ്ഞതായും പ്രതീഷ് മൊഴി നൽകിയിരുന്നു. തെളിവ് ഒളിപ്പിച്ച കുറ്റത്തിനാണ് രണ്ടുപേരെയും കേസിൽ പ്രതിചേർത്തിരിക്കുന്നത്. 

തൊണ്ടിമുതലായ ഫോൺ നശിപ്പിച്ചു കളയാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ നിഗമനം. ഫോൺ നശിപ്പിച്ചെന്ന നിലപാടു സ്വീകരിച്ചാൽ അന്വേഷണം രാജുവിൽ അവസാനിക്കും എന്ന തന്ത്രമാണ് ഇരുവരും സ്വീകരിക്കുന്നതെന്നും പൊലീസ് കരുതുന്നു.